കൊച്ചി > നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ചൊവ്വാഴ്ച തീർപ്പുകൽപ്പിക്കുമെന്ന് ഹൈക്കോടതി. പ്രതികളുടെ മൊബൈൽ ഫോണുകൾ കൈമാറണമെന്ന ക്രൈംബ്രാഞ്ചിന്റെ ആവശ്യത്തിലും തീരുമാനമെടുക്കും. കേസ് പകൽ 1.45ന് ജസ്റ്റിസ് പി ഗോപിനാഥ് വീണ്ടും പരിഗണിക്കും.
ദിലീപ് അടക്കമുള്ള പ്രതികൾ കൈമാറിയ ആറ് ഫോണുകൾ അന്വേഷണ ഉദ്യോഗസ്ഥൻ പരിശോധിക്കട്ടെയെന്ന് കോടതി അഭിപ്രായപ്പെട്ടു. പ്രതികൾ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി എ ഷാജി ആവർത്തിച്ചു. കോടതി ഉത്തരവ് മറയാക്കി പ്രതികൾ തെളിവുകളിൽ കൃത്രിമം നടത്താൻ ശ്രമിക്കുകയാണ്. മറ്റൊരു പ്രതിക്കും ഇത്രയും ആനുകൂല്യം ലഭിക്കുന്നില്ല. പൊലീസ് തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. കേസ് ഡയറി ഹാജരാക്കാം. പ്രതികൾക്ക് സാധാരണ ജാമ്യത്തിനുപോലും അവകാശമില്ല. മുമ്പ് ഫോണുകൾ ഇല്ലെന്നു പറഞ്ഞവർ ഇപ്പോൾ ഏഴിൽ ഒരു ഫോണിനെപ്പറ്റി അറിയില്ലെന്നാണ് പറയുന്നത്.
ഫോൺ എവിടെ പരിശോധിക്കണമെന്ന് പ്രതികൾക്ക് പറയാനാകില്ല. പതിവായി ഉപയോഗിച്ചത് വിവോ ഫോണാണെന്നും എല്ലാ ഫോണുകളും ഹാജരാക്കിയിട്ടുണ്ടെന്നും പ്രതിഭാഗം വ്യക്തമാക്കി. ദിലീപിനെ അറസ്റ്റ് ചെയ്യാൻ ഗൂഢാലോചന നടക്കുകയാണ്. അമ്മ ഒഴികെ എല്ലാവരേയും പ്രതികളാക്കി. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിക്കുമെന്നും അഭിഭാഷകൻ ബി രാമൻപിള്ള ബോധിപ്പിച്ചു. ഫോണുകൾ ദുരുപയോഗം ചെയ്യാൻ സാധ്യതയുള്ളതുകൊണ്ടാണ് പൊലീസിന് കൊടുക്കാത്തതെന്നും പ്രതിഭാഗം പറഞ്ഞു.
‘ദിലീപിന്റെ ഫോൺ നന്നാക്കിയ യുവാവിന്റെ മരണത്തിൽ ദുരൂഹത’
നടൻ ദിലീപിന്റെ ഫോൺ സർവീസ് ചെയ്തിരുന്ന യുവാവിന്റെ അപകടമരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കളുടെ പരാതി. തൃശൂർ കൊടകര സ്വദേശി സലീഷ് വെട്ടിയാട്ടിലിന്റെ (42) കുടുംബമാണ് അങ്കമാലി പൊലീസിൽ പരാതി നൽകിയത്. സലീഷ് ജോലി ചെയ്ത സ്ഥാപനത്തിലാണ് ദിലീപിന്റെ ഐഫോണടക്കം സർവീസ് ചെയ്തിരുന്നത്. ദിലീപിന്റെ സിനിമകളിൽ അസിസ്റ്റന്റ് ഡയറക്ടറായും ഇയാൾ ജോലി ചെയ്തിരുന്നു. 2020 ആഗസ്ത് 30ന് തിരുവോണത്തലേന്ന് അങ്കമാലി ടെൽക്കിന് സമീപത്തുണ്ടായ വാഹനാപകടത്തിലാണ് സലീഷ് മരിച്ചത്. കാറിൽ വീട്ടുസാധനം വാങ്ങി മടങ്ങുംവഴി ഓവർബ്രിഡ്ജിലെ ഡിവൈഡറിലേക്ക് ഇടിച്ചു കയറുകയായിരുന്നു. തലയ്ക്കേറ്റ ഗുരുതര പരിക്കാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന് സംവിധായകരായ ബൈജു കൊട്ടാരക്കരയും, ബാലചന്ദ്രകുമാറും വെളിപ്പെടുത്തിയിരുന്നു. താനാണ് സലീഷിനെ ദിലീപിന് പരിചയപ്പെടുത്തിയതെന്നും ബാലചന്ദ്രകുമാർ പറഞ്ഞു. പിന്നീടാണ് ദിലീപിന്റെ ഫോൺ സലീഷ് സർവീസ് ചെയ്തത്. ദിലീപിന്റെ വീട്ടിൽ ഇയാൾ സ്ഥിരമായി എത്തിയിരുന്നതായും ബാലചന്ദ്രകുമാർ പറഞ്ഞു. ഇതോടെയാണ് വിശദമായി അന്വേഷണം നടത്തി നിജസ്ഥിതി പുറത്തുകൊണ്ടുവരണമെന്ന് സഹോദരൻ ശിവദാസ് വെട്ടിയാട്ടിൽ പരാതി നൽകിയത്. പരാതി പരിശോധിച്ചശേഷം തുടർനടപടി തീരുമാനിക്കുമെന്ന് റൂറൽ ജില്ലാ പൊലീസ് മേധാവി കെ കാർത്തിക് പറഞ്ഞു.