തൃശൂർ > നക്ഷത്രാങ്കിത ശുഭ്രപതാകയേന്തി കോളേജ് യൂണിയൻ ചെയർമാനാകാൻ ഒരു പുരോഹിതൻ. അതൊരു ചരിത്രമായിരുന്നു. പൊരുതുന്ന വിദ്യാർഥികളുടെ സ്വന്തം പുരോഹിതനായിരുന്നു ഫാദർ ജോസ് ചിറ്റിലപ്പിള്ളി. കത്തോലിക്ക പുരോഹിതരിൽ സംസ്ഥാനത്തെ ആദ്യത്തെ കോളേജ് യൂണിയൻ ചെയർമാനായിരുന്നു ഈ എംഎ ബിരുദധാരി. അതും എസ്എഫ്ഐ പാനലിൽ. യാഥാസ്ഥിതിക സഭാനേതൃത്വത്തിന് അതത്ര രുചിച്ചിരുന്നില്ല. അനീതികളോടും അസമത്വങ്ങളോടും മനുഷ്യാവകാശ ലംഘനങ്ങളോടുമുള്ള പേരാട്ടത്തിന്റെ കെട്ടടങ്ങാത്ത കനലാണ് തിങ്കളാഴ്ച അന്തരിച്ച ഫാ. ജോസ് ചിറ്റിലപ്പിള്ളി.
സെന്റ് തോമസിൽ എം എ ഇക്കണോമിക്സ് വിദ്യാർഥിയായിരിക്കെ 1982ലെ യൂണിയൻ തെരഞ്ഞെടുപ്പിലാണ് അദ്ദേഹം എസ്എഫ്ഐ പാനലിൽ ചെയർമാനായി വിജയിച്ചത്. ളോഹയിട്ട അച്ചൻ കോളേജിൽ പ്രകടനങ്ങളിൽ അണിനിരന്നതും പ്രസംഗിച്ചതുമെല്ലാം കേരള രാഷ്ട്രീയ രംഗത്ത് വലിയ ചർച്ചയായി. യാഥാസ്ഥിതികരുടെ എതിർപ്പിനും ഇടയാക്കി. കേരള കോൺഗ്രസിന്റെ വിദ്യാർഥി സംഘടനയുടെ പ്രതിനിധി ജോണി സെബാസ്റ്റ്യനായിരുന്നു കെഎസ് യു പിന്തുണയോടെ എതിർ സ്ഥാനാർഥി.
അന്ന് കോളേജിലെ ഫാ. ജോസിന്റെ പ്രസംഗം ഇങ്ങനെ: ‘കോളേജ് യൂണിയന് ജനാധിപത്യ പ്രകിയയിലെ വിദ്യാര്‍ഥികളുടെ രാഷ്ട്രീയവും സര്‍ഗാത്മകവുമായ പ്രവര്‍ത്തനങ്ങളില്‍ പ്രധാനപ്പെട്ടതാണ്. വിദ്യഭ്യാസ മേഖല ഉള്‍പ്പെടെ സമൂഹത്തില്‍ ഒരുപാട് അനീതികളുണ്ട്. അതിനെതിരെയുള്ള രാഷ്ട്രീയ പോരാട്ടമാണ് സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം എന്ന മുദ്രാവാക്യങ്ങളുയർത്തി എസ്എഫ്ഐ നടത്തുന്നത്. ആ പോരാട്ടത്തിൽ വിശുദ്ധ വസ്ത്രധാരിയായ ഞാനും പങ്കാളിയാകുന്നതില്‍ അഭിമാനം കൊള്ളുന്നു’. ഈ വാക്കുകൾ കലാലയങ്ങളാകെ അലയടിച്ചിരുന്നതായി സഹപാഠികൾ ഓർമിക്കുന്നു. ഫലം പ്രഖ്യാപിച്ചപ്പോൾ 88 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ഫാ. ജോസ് ചരിത്ര വിജയം നേടി. ആറുവർഷം മുമ്പ് സഹപാഠികൾ ഒത്തുകൂടി അദ്ദേഹത്തെ ആദരിച്ചിരുന്നു. രണ്ടു വർഷം മുമ്പ് അഞ്ചേരി സൈമൺ ബ്രിട്ടോ അനുസ്മരണ സമിതിയും അദ്ദേഹത്തെ ആദരിച്ചിരുന്നു.