കൊച്ചി > കോവിഡ് വ്യാപനത്തെ തുടർന്ന് കൂടുതൽ ജില്ലകളിൽ നിയന്ത്രണം വന്നതോടെ സിനിമാ തിയറ്ററുകൾക്ക് വീണ്ടും പരീക്ഷണകാലം. റിലീസ് അനിശ്ചിതമായി നീട്ടിയവ ഒടിടി റിലീസ് സാധ്യത പരിശോധിക്കുകയാണ്. അതേസമയം, നിയന്ത്രണത്തിൽനിന്ന് തിയറ്ററുകളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഉടമകൾ സമർപ്പിച്ച ഹർജി ചൊവ്വാഴ്ച ഹൈക്കോടതി പരിഗണിക്കുന്നുണ്ട്.
ജനുവരിയിൽ പ്രദർശനത്തിന് എത്തിക്കാനിരുന്ന നിരവധി മലയാളസിനിമകളുടെ റിലീസ്, നിയന്ത്രണം വന്നതോടെ മാറ്റി. രാജീവ് രവി സംവിധാനം ചെയ്ത നിവിൻ പോളി ചിത്രം തുറമുഖം, റോഷൻ ആൻഡ്രൂസ് ഒരുക്കിയ ദുൽഖർ സൽമാന്റെ സല്യൂട്ട്, ആഷിഖ് അബു സംവിധായകനായ ടൊവിനോയുടെ നാരദൻ, മോഹൻലാൽ നായകനായ ബി ഉണ്ണിക്കൃഷ്ണന്റെ ആറാട്ട്, ഷെയിൻ നിഗം നായകനായ ശരത് മേനോന്റെ വെയിൽ എന്നിവ ഇതിൽ പ്രധാനം. മറ്റു ഭാഷകളിലെ ബിഗ്ബജറ്റ് ചിത്രങ്ങളുടെയും റിലീസ് മാറ്റി. മുമ്പ് നിയന്ത്രണം വന്നപ്പോൾ തിയറ്റർ റിലീസിനായി കാത്തിരുന്ന സിനിമകളാണ് ഇതിൽ പലതും.
ഇനിയും പരീക്ഷണം നീണ്ടാൽ ഒടിടി അല്ലാതെ വേറെ മാർഗമില്ല.
തിയറ്ററുകൾ വീണ്ടും അടയ്ക്കുന്നത് സിനിമാവ്യവസായത്തെ കരകയറാനാകാത്തവിധം തകർക്കുമെന്ന് തിയറ്റർ ഉടമാ സംഘടനയായ ഫിയോക് ജനറൽ സെക്രട്ടറി സുമേഷ് ജോസഫ് പറഞ്ഞു. അഞ്ചു ജില്ലകളിൽ തിയറ്റർ അടച്ചതോടെയാണ് പ്രധാന റിലീസുകൾ മാറ്റിയത്. നിയന്ത്രണം പാലിച്ച് പ്രേക്ഷകർ ഇപ്പോഴും തിയറ്ററുകളിലെത്തുന്നുണ്ട്. തിയറ്ററുകളിൽനിന്ന് കോവിഡ് വ്യാപനം റിപ്പോർട്ട് ചെയ്തിട്ടുമില്ല. വീണ്ടും അടയ്ക്കുന്നത് വ്യവസായത്തിലുണ്ടായ ഉണർവ് നഷ്ടമാക്കും. വലിയ സാമ്പത്തികബാധ്യതയ്ക്കും കാരണമാകുമെന്നും സുമേഷ് ജോസഫ് പറഞ്ഞു.
ലോക്ക്ഡൗണിൽ അടച്ച് 10 മാസത്തിനുശേഷം 2021 ജനുവരിയിലാണ് തിയറ്ററുകൾ തുറന്നത്. രണ്ടാംതരംഗം രൂക്ഷമായതോടെ ഏപ്രിലിൽ വീണ്ടും അടച്ചു. ഒക്ടോബറിൽ തുറന്നശേഷം പ്രധാന സിനിമകൾ പലതും റിലീസ് ചെയ്തു. പ്രീസ്റ്റ്, മരയ്ക്കാർ അറബിക്കടലിന്റെ സിംഹം, വൺ, കള, അജഗജാന്തരം, ജാൻ എ മൻ തുടങ്ങിയവ തിയറ്റർ റിലീസിൽ പ്രധാനം. ഹോം, ചുരുളി, ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ, മധുരം, മാലിക്, ജോജി, തിങ്കളാഴ്ച നിശ്ചയം, നായാട്ട്, മിന്നൽ മുരളി എന്നിവയുടെ ഒടിടി റിലീസും വലിയ ശ്രദ്ധനേടി.
തിയറ്ററുകൾ സുരക്ഷിതം; അടപ്പിക്കരുത്: ഫെഫ്ക
കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി സി കാറ്റഗറി ജില്ലകളിലെ തിയറ്ററുകൾ പൂട്ടിയിടുന്നതിനെതിരെ ആരോഗ്യമന്ത്രിക്ക് ഫെഫ്കയുടെ കത്ത്. മാളുകൾ, ബാറുകൾ, റെസ്റ്റോറന്റുകൾ, ബ്യൂട്ടിപാർലറുകൾ എന്നിവയേക്കാൾ സുരക്ഷിതമാണ് തിയറ്ററുകൾ. ഈ സാഹചര്യത്തിൽ മറ്റു സ്ഥാപനങ്ങൾക്ക് ബാധകമായത് മാത്രം തിയറ്ററുകൾക്കും ബാധകമാക്കുന്നതാണ് യുക്തിസഹമെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണിക്കൃഷ്ണൻ അയച്ച കത്തിൽ പറഞ്ഞു.
തിയറ്ററുകളിലെ പകുതി സീറ്റുകൾ മാത്രമാണ് പ്രേക്ഷകർക്കായി മാറ്റിവച്ചിട്ടുള്ളത്.
ഒരു ഡോസെങ്കിലും വാക്സിനെടുത്തവർക്കാണ് പ്രവേശനം. എല്ലാവരും മാസ്കുകൾ ധരിച്ചാണ് സിനിമ കാണുന്നത്. ഭക്ഷണപാനിയങ്ങൾ തിയറ്ററിനുള്ളിൽ വിതരണം ചെയ്യുന്നില്ല. അതുകൊണ്ടുതന്നെ തിയറ്ററുകൾ സുരക്ഷിതമായ ഇടമാണ്. തിയറ്ററുകളിൽനിന്ന് കോവിഡ് വ്യാപനസാധ്യത 0. 5 ശതമാനം മാത്രമാണെന്ന് വിവിധ പഠനങ്ങളിൽ വ്യക്തമായിട്ടുണ്ടെന്നും ഫെഫ്ക കത്തിൽ പറഞ്ഞു.