തിരുവനന്തപുരം > സംസ്ഥാന വ്യവസായ വികസന കോർപറേഷൻ (കെഎസ്ഐഡിസി) വഴി മുഖ്യമന്ത്രിയുടെ പ്രത്യേക സഹായ പദ്ധതിയിൽ ഈ വർഷം നൽകുക 250 കോടി രൂപ. രാജ്യത്തെ ഏറ്റവും നിക്ഷേപ സൗഹൃദ സംസ്ഥാനങ്ങളിലൊന്നായി ഉയരാനുള്ള നടപടികളുടെ ഭാഗമായാണ് പ്രത്യേക സഹായ പദ്ധതി പ്രഖ്യാപിച്ചത്. സംരംഭകർക്ക് സബ്സിഡിയോടെ നിക്ഷേപ മൂലധനം നൽകുന്ന പദ്ധതിയിൽ അഞ്ഞൂറോളം സംരംഭകർക്കാണ് സഹായം. ഇതുവഴി 3000 പേർക്ക് നേരിട്ട് തൊഴിൽ നൽകാനാകുമെന്നാണ് പ്രതീക്ഷ.
നിലവിൽ 14 സംരംഭകർക്കായി 20 കോടി രൂപ അനുവദിച്ചു. എംഎസ്എംഇകൾക്കും സ്റ്റാർട്ടപ്പുകൾക്കും 25 ലക്ഷംമുതൽ രണ്ടു കോടി രൂപവരെയാണ് വായ്പ നൽകുന്നത്. പദ്ധതി ചെലവിന്റെ 80 ശതമാനംവരെ വായ്പ ലഭിക്കും. സർക്കാർ മൂന്നു ശതമാനം ഇളവ് നൽകുന്നതിനാൽ പലിശ നിരക്ക് ഏഴു ശതമാനമാണ്. മടങ്ങിവരുന്ന പ്രവാസികളും പുതിയ സംരംഭങ്ങളുടെയും നിലവിലുള്ള സംരംഭങ്ങളുടെയും പ്രൊമോട്ടർമാരും അർഹരാണ്.
ഒരു കോടിവരെയുള്ള വായ്പകൾക്ക് പ്രോസസിങ് ചാർജോ മുൻകൂർ ഫീസോ ഈടാക്കില്ല.
അപേക്ഷകർക്ക് 650-ന് മുകളിൽ സിബിൽ സ്കോർ ഉണ്ടാകണം. 18 മുതൽ 50 വരെ പ്രായമുള്ളവർക്ക് വായ്പയ്ക്ക് അർഹതയുണ്ട്. സ്ത്രീകൾ, എസ്സി, എസ്ടി, എൻആർകെ അപേക്ഷകർക്ക് പ്രായപരിധിയിൽ അഞ്ച് വർഷത്തെ ഇളവു നൽകും. തിരിച്ചടവ് കാലാവധി അഞ്ചു വർഷം. ഒരു വർഷത്തെ മൊറട്ടോറിയം നൽകും. അപേക്ഷിക്കാനും കൂടുതൽ വിവരങ്ങൾക്കും കെഎസ്ഐഡിസിയുടെ വെബ്സൈറ്റ് www.ksidc.org. ഇ–-മെയിൽ: enquiry@ksidcmail.org. ഫോൺ: 0471 2318922.