യോണ്ടെ > മുഹമ്മദ് സലായുടെ ഈജിപ്തും സാദിയോ മാനെയുടെ സെനഗലും ആഫ്രിക്കൻ നേഷൻസ് കപ്പ് ഫുട്ബോളിൽ സെമിയിൽ കടന്നു. സെമി ജയിച്ചാൽ ലിവർപൂൾ സ്ട്രൈക്കർമാർ ഫൈനലിൽ മുഖാമുഖം കാണും.
വ്യാഴം രാത്രി ആദ്യസെമിയിൽ സെനഗൽ ബുർകിന ഫാസോയെ നേരിടും. വെള്ളി രാത്രിയാണ് ഈജിപ്തിന് സെമി. ആതിഥേയരായ കാമറൂണാണ് എതിരാളി.
ക്വാർട്ടറിൽ ഈജിപ്ത് ഒന്നിനെതിരെ രണ്ട് ഗോളിന് മൊറോക്കോയെ തോൽപ്പിച്ചു. പെനൽറ്റിയിലൂടെ മൊറോക്കോയാണ് ലീഡ് നേടിയത്. ഏഴാംമിനിറ്റിൽ സോഫിയാനെ ബൗഫലിന്റെ കിക്ക് ഈജിപ്തിനെ ഞെട്ടിച്ചു. സലായിലൂടെ സമനിലഗോൾ നേടി. അധികസമയത്തായിരുന്നു വിജയഗോൾ. മൂന്നു പ്രതിരോധക്കാരെ വെട്ടിയൊഴിഞ്ഞ് സലാ നൽകിയ ക്രോസ് ട്രെസഗെ ലക്ഷ്യത്തിലെത്തിച്ചു.
സെനഗൽ ഒന്നിനെതിരെ മൂന്ന് ഗോളിന് ഇക്വടോറിയൽ ഗിനിയെ പരാജയപ്പെടുത്തി. മാനെയുടെ പാസിൽ ഡൈദിയോയു ആദ്യഗോൾ നേടി. ചികോയു കൗയട്ടെ, ഇസ്മയിൽ സാർ എന്നിവർ പട്ടിക പൂർത്തിയാക്കി.