ചിറ്റാർ > കുരുമ്പന്‍മൂഴി പനംകുടന്ത വനത്തില്‍ ജനവാസ മേഖലയോടു ചേര്‍ന്ന് കാട്ടുകൊമ്പനെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. വിറകു ശേഖരിക്കാനെത്തിയ നാട്ടുകാരാണ് ചെങ്കുത്തായ ഉള്‍ക്കാട്ടില്‍ ആന ചരിഞ്ഞതായി കണ്ടെത്തിയത്. ചെങ്കുത്തായ സ്ഥലത്തേക്ക് ആന ഉരുണ്ടു വന്നതു പോലെയാണ് കിടക്കുന്നത്. ഒരു കൊമ്പ് മണ്ണില്‍ തറഞ്ഞ നിലയിലാണ്. കുരുമ്പന്‍ മൂഴിയില്‍ ജനവാസ മേഖലയില്‍ തുടര്‍ച്ചയായി ശല്യം ചെയ്തിരുന്ന ആനയാണെന്നാണ് നിഗമനം.
വിവരമറിഞ്ഞ് കണമല വനം സ്റ്റേഷനില്‍ നിന്നു അധികൃതരും വെച്ചൂച്ചിറ പൊലീസും സ്ഥലത്ത് എത്തി. കോന്നിയില്‍ നിന്നും വനംവകുപ്പിന്റെ സര്ജന് എത്തിയ ശേഷം പോസ്റ്റുമോര്‍ട്ടം ചെയ്ത് വനത്തില്‍ തന്നെ ജഡം മറവ് ചെയ്യും. എസ്എഫ്ഒ പി എ നജിമോന്‍, സാബുമോന്, ബിഎഫ്ഒ അക്ഷയ് ബാബു, പി ശ്രീജിത്ത് എന്നിവരടങ്ങിയ സംഘം സ്ഥലത്ത് രാത്രി ക്യാമ്പു ചെയ്യുകയാണ്.