ലിസ്ബണ്‍ > പോര്‍ച്ചുഗല്‍ പൊതു തെരഞ്ഞെടുപ്പില്‍ മധ്യ-ഇടതുപക്ഷ സോഷ്യലിസ്റ്റ് പാർടിക്ക് വിജയം. നിലവിലെ പ്രധാനമന്ത്രി അന്റോണിയോ കോസ്റ്റ അധികാരത്തിൽ തിരിച്ചെത്തി. തുടര്‍ച്ചയായി മൂന്നാം തവണയാണ് പൊതുതെരഞ്ഞെടുപ്പില്‍ സോഷ്യലിസ്റ്റ് പാർടി അധികാരം നിലനിര്‍ത്തുന്നത്.
230 അംഗ പാർലമെന്റിൽ 117 സീറ്റ് (41.7 ശതമാനം) നേടിയ പാര്‍ടി ഒറ്റയ്ക്ക് ഭരിക്കും. പ്രധാന എതിരാളി, മധ്യ-വലതുപക്ഷ സോഷ്യൽ ഡെമോക്രാറ്റിക് പാർടിക്ക് 71 സീറ്റ് മാത്രമാണ് നേടാനായത്. തീവ്ര വലതുപക്ഷ പാർടിയായ ഷേഗ പാർടി 12 സീറ്റുമായി മൂന്നാം സ്ഥാനത്താണ്. ലിബറൽ ഇനിഷ്യേറ്റീവ് പാർടി എട്ട് സീറ്റ് നേടി.
പാര്‍ലമെന്റില്‍ ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കാന്‍ 116 സീറ്റ് വേണം. കേവല ഭൂരിപക്ഷം നേടി അധികാരത്തിലെത്തുന്നത് വലിയ ഉത്തരവാദിത്വമാണെന്നും എന്നാല്‍ സോഷ്യലിസ്റ്റ് പാർടി ഭരിക്കുന്നത് ഒറ്റയ്ക്കല്ല, മുഴുവന്‍ പോർച്ചുഗീസുകാരോടും ഒപ്പമാണെന്നും തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം അന്റോണിയോ കോസ്റ്റ പറഞ്ഞു.
2019ലെ തെരഞ്ഞെടുപ്പിൽ 108 സീറ്റ് നേടിയ പാര്‍ടി സഖ്യം രൂപീകരിച്ചായിരുന്നു ഭരണത്തിലെത്തിയത്. കോസ്റ്റ സര്‍ക്കാരിന്റെ 2022 ലെ ബജറ്റിന് ചില സഖ്യകക്ഷികള്‍ പിന്തുണ പിന്‍വലിച്ചതിന് പിന്നാലെ മന്ത്രിസഭ വീണതിനെ തുടര്‍ന്നാണ്, തെരഞ്ഞെടുപ്പ് നടക്കേണ്ടതിന് രണ്ട് വര്‍ഷം മുമ്പ് പോര്‍ച്ചുഗല്‍ വീണ്ടും പോളിങ്ബൂത്തിലെത്തിയത്.