തിരുവനന്തപുരം> പ്രഥമ കേരള ഒളിമ്പിക് ഗെയിംസ് മെയ് ഒന്ന് മുതൽ പത്ത് വരെ. ഔദ്യോഗിക ഉദ്ഘാടനം തിരുവനന്തപുരത്ത് ഏപ്രിൽ 30ന് വൈകിട്ട് 5.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കേന്ദ്ര- സംസ്ഥാന മന്ത്രിമാർ, മോഹൻലാൽ, കായിക രംഗത്തെ വിശിഷ്ട വ്യക്തികൾ പങ്കെടുക്കും. ചടങ്ങിൽ ടോക്യോ ഒളിമ്പിക്സ് മെഡൽ ജേതാക്കളെ ആദരിക്കും.
അത്ലറ്റിക്സ് ഉൾപ്പെടെ 24 ഇനങ്ങളിലാണു മത്സരം. ഇതിൽ 21 ഇനങ്ങളും തിരുവനന്തപുരത്താണ് നടക്കുക. വോളിബോൾ കോഴിക്കോടും ഹോക്കി കൊല്ലം അന്താരാഷ്ട്ര സ്റ്റേഡിയത്തിലും ഫുട്ബോൾ എറണാകുളത്തും നടക്കും. ജില്ലാ ഒളിമ്പിക് മത്സര ജേതാക്കളായ എണ്ണായിരത്തിലധികം താരങ്ങൾ പങ്കെടുക്കും. സംസ്ഥാന ഒളിമ്പിക് അസോസിയേഷനാണ് സംഘാടകർ.
കേരള ഒളിമ്പിക് ഗെയിംസിന്റെ ഭാഗമായി ഒളിമ്പിക് എക്സ്പോ സംഘടിപ്പിക്കും. തിരുവനന്തപുരത്ത് ഏപ്രിൽ 29ന് ആരംഭിച്ച് മെയ് പത്തിന് എക്സ്പോ അവസാനിക്കും. സ്പോർട്സ് ഫോട്ടോ വണ്ടി പ്രയാണം ഏപ്രിൽ 16ന് പി ടി ഉഷയുടെ ജന്മസ്ഥലമായ പയ്യോളിയിൽ നിന്നും പുറപ്പെടും. അന്താരാഷ്ട്ര ഫോട്ടോ എക്സ്ബിഷൻ ഏപ്രിൽ 30ന് ആരംഭിക്കുമെന്നും സംഘാടകർ പറഞ്ഞു. കോവിഡ് പശ്ചാത്തലത്തിലാണ് തീയതി പുനഃക്രമീകരിച്ചതെന്ന് ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി സുനിൽ കുമാറും സെക്രട്ടറി ജനറൽ എസ് രാജീവും വാർത്താസമ്മേളനത്തിൽ അറിയിച്ചു. ട്രഷറർ എം ആർ രഞ്ജിത്, എം കെ നാസർ എന്നിവരും പങ്കെടുത്തു.