‘വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും’ എന്ന തലക്കെട്ടോടെയാണ് ജലീൽ ഫേസ്ബുക്ക് പോസ്റ്റ് പങ്കിട്ടത്. ജസ്റ്റിസ് സിറിയക് ജോസഫിനെ പരോക്ഷമായി വിമർശിച്ച് സമൂഹമാധ്യമങ്ങളിലൂടെ കഴിഞ്ഞ ദിവസവും ജലീൽ രംഗത്തുവന്നിരുന്നു. മുൻപ് യു ഡി എഫ് നേതാവിനെ പ്രമാദമായ കേസിൽ നിന്ന് രക്ഷപ്പെടുത്താൻ സ്വന്തം സഹോദര ഭാര്യയ്ക്ക് മഹാത്‌മഗാന്ധി യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലർ പദവി വിലപേശി വാങ്ങിയ ഏമാൻ എന്നാണ് പേരെടുത്ത് പറയാതെയുള്ള ജലീലിൻ്റെ വിമർശനം ഉണ്ടായത്.
ജലീലിന് മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്ന വിധിന്യായം പുറപ്പെടുവിച്ചത് സിറിയക് ജോസഫ് ലോകായുക്തയായി പദവിയിലിരിക്കുമ്പോഴാണ്. ഈ സാഹചര്യങ്ങൾ കണക്കിലെടുത്താണ് അദ്ദേഹം ഇപ്പോൾ രൂക്ഷമായ ഭാഷയിൽ വിമർശനം ഉന്നയിക്കുന്നത്. തക്ക പ്രതിഫലം ലഭിച്ചാൽ ഏന്ത് കടുംകൈയും ഈ ഏമാൻ ആർക്ക് വേണ്ടിയും ചെയ്യുമെന്നും ലോകായുക്തയെ പരോക്ഷമായി വിമർശിച്ച് ജലീൽ വ്യക്തമാക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ ആരോപണം യുഡിഎഫ് ഏറ്റെടുത്തതിന് പിന്നാലെയാണ് വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി ജലീൽ എത്തിയത്. ജുഡീഷ്യറിയോടുള്ള സർക്കാറിൻ്റെ പരസ്യവെല്ലുവിളിയാണ് ജലീൽ നടത്തിയതെന്നാണ് പ്രതിപക്ഷനേതാവ് വി ഡി സതീശയൻ കുറ്റപ്പെടുത്തിയത്.
ലോകായുക്തയുടെ അധികാരം ദുർബലപ്പെടുത്തുന്ന ഭേദഗതികളോടെ സർക്കാർ കൊണ്ടുവന്ന ഓർഡിനൻസ് വിവാദമായിരിക്കെയാണ് ലോകായുക്തയെ കടന്നാക്രമിച്ച് കൊണ്ടുള്ള ആരോപണം ജലീൽ നടത്തുന്നത്. എന്നാൽ, ലോകായുക്തയെ ലക്ഷ്യമാക്കി ജലീൽ നടത്തുന്ന നീക്കത്തിന് ഇടതുമുന്നണിയിൽ നിന്നോ സിപിഎമ്മിൽ നിന്നോ കാര്യമായ പിന്തുണയുണ്ടായിട്ടില്ല. ജലീൽ ഉന്നയിച്ച വിഷയം അദ്ദേഹം തന്നെ കൈകാര്യം ചെയ്യട്ടെ എന്ന നിലപാടിലാണ് സിപിഎം. വ്യക്തിപരമായ അധിക്ഷേപങ്ങളെ പിന്തുണയ്ക്കില്ലെന്ന സിപിഎം നിലപാടാണ് ജലീലിന് തിരിച്ചടിയാകുന്നത്.