കൊച്ചി> നടിയെ ആക്രമിച്ച സംഭവത്തിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ നടൻ ദിലീപിന്റെയും കൂട്ടു പ്രതികളുടെയും ഫോണുകൾ ഹൈക്കോടതിയിൽ സമർപ്പിച്ചു.
വധഗൂഢാലോചന കേസിൽ ദിലീപ് അടക്കമുള്ള പ്രതികൾ ആറ് ഫോണുകളാണ് കോടതിയിൽ എത്തിച്ചത്. ദിലീപിന്റെ മൂന്ന് ഫോണുകൾ, സഹോദരന്റെ അനൂപിന്റെ രണ്ട് ഫോൺ, സഹോദരി ഭർത്താവ് സൂരജിന്റെ ഒരു ഫോൺ എന്നിവയാണ് മുദ്രവെച്ച കവറിൽ രജിസ്ട്രാർക്ക് കൈമാറിയത്.
ദിലീപിന്റെ അഭിഭാഷകൻ ഫിലിപ് ടി വർഗീസ് ആണ് രജിസ്ട്രാർ ജനറൽ പി കൃഷ്ണകുമാറിന് ഫോണുകൾ കൈമാറിയത്. പത്തുമണിയോടെ ഹൈക്കോടതിയിൽ എത്തിച്ച ആറു ഫോണുകളും പത്തേ കാലിനാണ് രജിസ്ട്രാർ ജനറലിന്റെ ഓഫീസിൽ എത്തിച്ചത്. അതേസമയം ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷയും ഫോണുകൾ അന്വേഷണസംഘത്തിന് കൈമാറണമെന്ന ക്രൈംബ്രാഞ്ചിന്റെ അപേക്ഷയും ഉച്ചയ്ക്ക് ഒന്നേമുക്കാലിന് ഹൈക്കോടതി സിംഗിൾ ബെഞ്ച് പരിഗണിക്കും.
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപും സഹോദരൻ അനൂപും സഹോദരി ഭർത്താവ് സുരാജും ഒരുമിച്ച് കൂടി ഗൂഢാലോചന നടത്തിയെന്നാണ് അന്വേഷണസംഘത്തിൻറെ കണ്ടെത്തൽ. എറണാകുളം എം ജി റോഡിലെ ഒരു ഫ്ലാറ്റിൽ ഗൂഢാലോചന നടന്നതായി പ്രോസിക്യൂഷൻ കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചിരുന്നു.