ചെറുതോണി> മുരിക്കാശേരി പടമുഖം സ്വദേശിനി ശ്രുതിമോൾ തമ്പിയുടെ പോരാട്ടം വെറുതെയായില്ല. പ്രതികൂല ജീവിതസാഹചര്യങ്ങളെ തരണംചെയ്ത് മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ മികച്ച റാങ്ക് നേടിയ ശ്രുതിമോൾക്ക് ഇനി ഡോക്ടറാകണം. കൂലിവേലയെടുത്ത് മികച്ച വിദ്യാഭ്യാസം നേടിത്തന്ന അമ്മയുടെ കഷ്ടപ്പാടുകൾക്ക് അറുതിവരുത്തണം. ശ്രുതിയുടെ ഈ ആഗ്രഹത്തോടൊപ്പം നാടൊന്നാകെ കൈകോർക്കുകയാണിപ്പോൾ.
കൂലിപ്പണിക്കാരനായിരുന്ന ഭർത്താവ് ഹൃദയാഘാതം മൂലം മരിച്ചപ്പോൾ രണ്ട് പെൺമക്കളെ പോറ്റി വളർത്തേണ്ട ഭാരം അമ്മ ബിന്ദു തമ്പിയിൽ വന്നുചേർന്നു. കുറവുകളൊന്നും അറിയിക്കാതെ കൂലിവേലയെടുത്ത് മക്കൾക്ക് മികച്ച വിദ്യാഭ്യാസം നൽകി. വളരെ ദരിദ്രകുടുംബമാണ് ഇവരുടേത്. ചോർന്നൊലിക്കുന്ന വീട്ടിലിരുന്നായിരുന്നു ശ്രുതിയുടെ പഠനം. അമ്മയുടെ കഷ്ടപ്പാടുകളായിരുന്നു ശ്രുതിക്ക് പഠനത്തിന് പ്രചോദനം.
എൻട്രൻസ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയതോടെ ജീവിത സാക്ഷാൽക്കാരത്തിലേക്ക് ഒരുപടികൂടി അടുത്തു. മെഡിക്കൽ വിദ്യാഭ്യാസത്തിന് ആദ്യവർഷം പത്തുലക്ഷം രൂപ വേണ്ടി വരുമെന്നതാണ് മുന്നിലുള്ള പ്രതിസന്ധി. ഇവരുടെ ദുരിതമറിഞ്ഞ് സിപിഐ എം നേതൃത്വത്തിൽ രംഗത്തിറങ്ങി. ജില്ലാ സെക്രട്ടറി സി വി വർഗീസ് വീട്ടിലെത്തി അഭിനന്ദിച്ചു. ഫണ്ട് സമാഹരിക്കാൻ കമ്മിറ്റിയും രൂപീകരിച്ചു.
സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം റോമിയോ സെബാസ്റ്റ്യൻ ചെയർമാനും വാത്തിക്കുടി പഞ്ചായത്ത് പ്രസിഡന്റ് സിന്ധു ജോസ് വൈസ് ചെയർപേഴ്സണും സിപിഐ എം ഇടുക്കി ഏരിയ സെക്രട്ടറി പി ബി സബീഷ് കൺവീനറും മുരിക്കാശേരി സഹകരണ ബാങ്ക് പ്രസിഡന്റ് ഇ എൻ ചന്ദ്രൻ ട്രഷററുമായാണ് കമ്മിറ്റി രൂപീകരിച്ചത്. പഞ്ചായത്തംഗങ്ങളും കക്ഷിരാഷ്ട്രീയത്തിന് അതീതമായി വിവിധ പാർടികളിലുള്ളവരും കമ്മിറ്റിയിൽ അംഗങ്ങളാണ്. ശ്രുതിയുടെ പേരിൽ ബാങ്ക് അക്കൗണ്ട് തുറക്കാനും തീരുമാനിച്ചു.