തിരുവനന്തപുരം> വിഴിഞ്ഞം മുതൽ മംഗലപുരംവരെയുള്ള ഔട്ടർ റിങ് റോഡ് പദ്ധതി നാല് വരിപ്പാതയായിരിക്കും. ഭാവിയിൽ ആറുവരിയായി വികസിപ്പിക്കാനാകുംവിധമാണ് ഭൂമി ഏറ്റെടുക്കുക. 77.77 കിലോമീറ്റർ ഉള്ള പദ്ധതിക്ക് 70 മീറ്റർ വീതിയിലാണ് ഭൂമിയേറ്റെടുക്കുന്നത്. റോഡിനൊപ്പം ഭാവിയിലെ ആവശ്യമനുസരിച്ച് അധികം രണ്ട് പാതയ്ക്കോ മെട്രോ റെയിൽ പോലുള്ള മാസ് റാപ്പിഡ് ട്രാൻസിസ്റ്റ് സിസ്റ്റത്തിനോ ഉള്ള സ്ഥലം കൂടി ഉൾപ്പെടുത്തും. 39 മേൽപ്പാത, 24 അടിപ്പാത, ഒരു വലിയ പാലം, 11 ചെറുപാലം എന്നിവ നിർമിക്കണം. തലസ്ഥാന നഗരത്തിന് പുറത്തു മികച്ച യാത്രാ സൗകര്യം ലഭിക്കുമെന്നു മാത്രമല്ല, വിഴിഞ്ഞം തുറമുഖം യാഥാർഥ്യമാകുന്നതോടെ വേഗത്തിൽ ചരക്ക് നീക്കാനുള്ള വലിയ സാധ്യതയും റിങ് റോഡ് തുറക്കും. തലസ്ഥാന നഗരത്തിലെ റോഡുകളിലെ തിരക്ക് ഗണ്യമായി കുറയ്ക്കാനുമാകും.
പദ്ധതിക്ക് കേന്ദ്ര അംഗീകാരം ലഭിച്ചതോടെ ഭൂമിയേറ്റെടുക്കലിന് ദേശീയപാത അതോറിറ്റി നടപടിയാരംഭിച്ചു. എൻഎച്ച്എഐ നേരിട്ടാണു ഭൂമിയേറ്റെടുക്കുക. ഇതിന് പ്രത്യേക ഉദ്യോഗസ്ഥനെ നിയമിക്കും. സ്ഥലമേറ്റെടുക്കലിന്റെ 50 ശതമാനം തുക സംസ്ഥാന സർക്കാർ വഹിക്കണം. 926 ഏക്കറാണ് ഏറ്റെടുക്കേണ്ടിവരിക. 871 കോടിയുടെ റോഡ് പദ്ധതിയിൽ, ഭൂമിയേറ്റെടുക്കലിനും ‘യൂട്ടിലിറ്റി ഷിഫ്റ്റിങ്’ ആവശ്യത്തിനുമായി 222 കോടിയാണ് കണക്കാക്കുന്നത്. കിറ്റ്കോ തയ്യാറാക്കിയ വിശദ പദ്ധതി രേഖയ്ക്ക് (ഡിപിആർ) അനുമതി ലഭിച്ചിട്ടുണ്ട്.
പരിസ്ഥിതി സൗഹൃദമായ ഗ്രീൻഫീൽഡ് അലൈൻമെന്റായിരിക്കും ഔട്ടർ റിങ് റോഡിന്റേത്. രണ്ടാംഘട്ടമായി ടൗൺഷിപ്പുകളും വ്യവസായ പാർക്കുകളും വികസിപ്പിക്കുന്ന ഗ്രോത്ത് കോറിഡോറും പരിഗണനയിലുണ്ട്. കേരളത്തിന്റെ ആവശ്യം പരിഗണിച്ച് പദ്ധതിക്ക് അനുകൂല തീരുമാനമെടുത്ത കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിധിൻ ഗഡ്കരിക്കും ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർക്കും നാടിന്റെ നന്ദി മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചിരുന്നു.
റോഡ് കടന്നുപോകുന്ന പ്രദേശങ്ങൾ
ബാലരാമപുരം, വെങ്ങാനൂർ, പള്ളിച്ചൽ, മാറനല്ലൂർ, കാട്ടാക്കട, വിളപ്പിൽ, അരുവിക്കര, പൂവത്തൂർ, വെമ്പായം, മാണിക്കൽ, പോത്തൻകോട്, മംഗലപുരം. പുറമെ, കോർപറേഷന്റെ വിഴിഞ്ഞം ഭാഗവും നെടുമങ്ങാട് നഗരസഭയുടെ വട്ടപ്പാറ മേഖലയും ഉൾപ്പെടും. വില്ലേജുകൾ–തേക്കട, വേങ്കോട്, അരുവിക്കര, വിളപ്പിൽ, കാട്ടാക്കട, മാറനല്ലൂർ, മലയിൻകീഴ്, പള്ളിച്ചൽ, ബാലരാമപുരം, വെങ്ങാനൂർ, കരകുളം, വെമ്പായം, പോത്തൻകോട്, അണ്ടൂർക്കോണം.