കൊച്ചി> നടിയെ ആക്രമിച്ച സംഭവത്തിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ നടൻ ദിലീപിന്റെയും കൂട്ടു പ്രതികളുടെയും ഫോണുകൾ ഇന്ന് ഹൈക്കോടതിയിൽ ഹാജരാക്കും. രാവിലെ പത്തേകാലിന് മുമ്പായി ആറു മൊബൈൽ ഫോണുകളും രജിസ്ട്രാർ ജനറലിന് മുന്നിൽ ഹാജരാക്കാനാണ് ദിലീപിനോടും കൂട്ടി പ്രതികളോടും നിർദേശിച്ചിരിക്കുന്നത്.
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപും സഹോദരൻ അനൂപും സഹോദരി ഭർത്താവ് സുരാജും ഒരുമിച്ച് കൂടി ഗൂഢാലോചന നടത്തിയെന്നാണ് അന്വേഷണസംഘത്തിൻറെ കണ്ടെത്തൽ. എറണാകുളം എം ജി റോഡിലെ ഒരു ഫ്ലാറ്റിൽ ഗൂഢാലോചന നടന്നതായി പ്രോസിക്യൂഷൻ കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചിരുന്നു.
അതേസമയം ദിലീപിന്റെയും കൂട്ടാളികളുടെയും ഫോണുകൾ കോടതിയിൽ ഹാജരാക്കിയാൽ എത്രയുംവേഗം ഫോറൻസിക് പരിശോധനയ്ക്ക് നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെടും. പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയ ദിലീപിന്റെ ഫോൺ സിഡിആർ (കോൾ ഡീറ്റെയിൽ റെക്കോഡ്സ്) ഫോണിൽ കണ്ടെത്താനാകുമെന്നാണ് പ്രോസിക്യൂഷൻ നിഗമനം. ഐടി നിയമപ്രകാരം കേന്ദ്രസർക്കാർ വിജ്ഞാപനം ചെയ്തിട്ടുള്ള രാജ്യത്തെ ഏഴ് അംഗീകൃത ഫോറൻസിക് ലാബുകളിൽ ഒന്നിൽ ഫോണുകൾ പരിശോധിക്കാം.
തിരുവനന്തപുരത്തെ പരിശോധനാ കേന്ദ്രവും ഈ പട്ടികയിലുണ്ട്. എന്നാൽ, കേരളത്തിൽ നിലവിലുള്ള ഫോറൻസിക് പരിശോധനാ കേന്ദ്രം ക്രൈംബ്രാഞ്ചിനുകീഴിലാണെന്നും ഇവിടെ പരിശോധനയ്ക്ക് നൽകിയാൽ ഫോണുകളിൽ കൃത്രിമം നടക്കുമെന്നും ദിലീപ് കോടതിയിൽ ആരോപിച്ചിട്ടുണ്ട്. അതുകൊണ്ട് കേരളത്തിന് പുറത്തുള്ള ലാബുകളിൽ പരിശോധനയ്ക്ക് നൽകാനും സാധ്യതയുണ്ട്. കോടതിയാണ് ഇക്കാര്യം തീരുമാനിക്കുക. പരിശോധനാഫലം ലഭിക്കാൻ ഒരാഴ്ചയെങ്കിലും സമയം വേണ്ടിവരുമെന്നും വിദഗ്ധർ പറയുന്നു.