തിരുവനന്തപുരം
ലോകായുക്ത ഭേദഗതിയുടെ പേരിൽ ജുഡീഷ്യറി അപകടത്തിലെന്ന് മുക്രയിടുന്ന ഉമ്മൻചാണ്ടി മുഖ്യമന്ത്രിയും രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയുമായിരിക്കെ സുപ്രീംകോടതി കഠിന തടവിന് ശിക്ഷിച്ചയാൾക്ക് ശിക്ഷാ ഇളവ് നൽകി. കോൺഗ്രസ് പ്രവർത്തകനായ മലയം സ്വദേശി ഡേവിഡ് ലാലിയെയാണ് ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിയുടെ നിർദേശം മറികടന്ന് ഒരു ലക്ഷം രൂപ പിഴ വാങ്ങി വെറുതെ വിട്ടത്.
ഡേവിഡ് ലാലിക്ക് ശിക്ഷാ ഇളവ് നൽകി ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും ഒപ്പിട്ട ഫയൽ
മലയം സ്വദേശിയായ ജോർജ്കുട്ടി യോഹന്നാനെ മർദിച്ച കേസിലാണ് ഡേവിഡ് ലാലിയെ ശിക്ഷിച്ചത്. ജില്ലാ കോടതിയും ഹൈക്കോടതിയും ഡേവിഡിന്റെ അപ്പീൽ തള്ളി. 2013 ജൂലൈ ഒന്നിന് കീഴ്ക്കോടതി ശിക്ഷ സുപ്രീംകോടതിയും ശരിവച്ചു. ഇതോടെ പൊലീസിൽ കീഴടങ്ങേണ്ട ഡേവിഡ് ഒളിവിൽ പോയി മുഖ്യമന്ത്രിക്ക് ദയാഹർജി നൽകുകയായിരുന്നു. ഈ ഹർജിയുടെ മറവിൽ യുഡിഎഫ് സർക്കാർ കേട്ടുകേൾവിയില്ലാത്ത അതിവേഗ നടപടിയെടുത്തു. 2014 ജൂൺ മൂന്നിന് ഒരു ലക്ഷം പിഴ വാങ്ങി ഡേവിഡ് ലാലിയെ ശിക്ഷയിൽനിന്ന് ഒഴിവാക്കി. ഫയലിൽ ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയും ഒപ്പിട്ടു. അതേ മാസം ഒമ്പതിന് ആഭ്യന്തര വകുപ്പ് ഉത്തരവുമിറക്കി. ഇതിനെതിരെ പൊതുപ്രവർത്തകൻ ഹഫീസ് ഹൈക്കോടതിയെ സമീപിച്ചതോടെ ഉത്തരവ് റദ്ദാക്കി. എന്നിട്ടും ഡേവിഡ് ലാലിയെ ഉമ്മൻചാണ്ടിയുടെ പൊലീസ് തൊട്ടില്ല. പിന്നീട് എൽഡിഎഫ് സർക്കാർ വന്നശേഷമാണ് ഡേവിഡ് ലാലിയെ ജയിലിൽ അടച്ചത്.
കേരളത്തിൽ കേട്ടുകേൾവിയില്ലാത്ത സംഭവമാണ് സുപ്രീംകോടതിവരെ ശിക്ഷിച്ചയാൾക്ക് ഒരു സർക്കാർ ശിക്ഷാ ഇളവ് നൽകൽ. കോടതികളെ ഹൈജാക് ചെയ്യുന്ന നടപടിയായിരുന്നിത്. ഇവരാണിപ്പോൾ ലോകായുക്തയ്ക്ക് വേണ്ടി ഇല്ലാക്കഥയുണ്ടാക്കി കരയുന്നത്.