കൊച്ചി
നടിയെ ആക്രമിച്ചത് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപിന്റെ ഫോണുകൾ തിങ്കളാഴ്ച ഹൈക്കോടതിയിൽ ഹാജരാക്കും. ദിലീപിന്റെ മൂന്ന് ഫോണുകളും സഹോദരൻ അനൂപ് ഉപയോഗിച്ചിരുന്ന രണ്ട് ഫോണുകളും സഹോദരീഭർത്താവ് ടി എൻ സുരാജ് ഉപയോഗിച്ചിരുന്ന ഒരു ഫോണും മുദ്രവച്ച കവറിൽ ഹൈക്കോടതി രജിസ്ട്രാർ ജനറലിന് കൈമാറുമെന്ന് ദിലീപിന്റെ അഭിഭാഷകന് അറിയിച്ചു. തന്റെ രണ്ട് ഫോണുകൾ മുംബൈയിലെ സ്വകാര്യ ലാബിൽ പരിശോധനയ്ക്ക് അയച്ചുവെന്നാണ് ദിലീപ് ശനിയാഴ്ച കോടതിയെ അറിയിച്ചത്. ഹൈക്കോടതി ഉത്തരവുപ്രകാരം ഇതുൾപ്പെടെ തിരികെയെത്തിച്ചാണ് തിങ്കൾ രാവിലെ പത്തേകാലോടെ ഹാജരാക്കുക.
ദിലീപിന് നാലാമത് ഒരു ഫോണുണ്ടെന്നും ഇത് ഹാജരാക്കണമെന്നതടക്കമുള്ള കാര്യങ്ങളും തിങ്കളാഴ്ച പ്രോസിക്യൂഷൻ ഉന്നയിക്കും. ഫോണുകൾ കൈമാറണമെന്ന ആവശ്യം ദിലീപ് എതിർത്തിരുന്നു.
നാലാമത്തേത് ഐ ഫോൺ; ഐഎംഇഐ നമ്പർ ഹാജരാക്കി
നടി ആക്രമണക്കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപ് അതിപ്രധാന വിവരങ്ങൾ സൂക്ഷിച്ചിരുന്നതായി കരുതുന്ന നാലാമത്തെ മൊബൈൽഫോണിന്റെ ഐഎംഇഐ നമ്പർ അന്വേഷകസംഘം ഹൈക്കോടതിയിൽ ഹാജരാക്കി. 352544473256346 ഐഎംഇഐ നമ്പറിലുള്ള ഐ ഫോൺ 13 പ്രോ 2021ൽ വാങ്ങിയതാണ്. നാലാമതൊരു ഫോൺ ദിലീപ് ഉപയോഗിച്ചതിന്റെ തെളിവ് പ്രോസിക്യൂഷൻ മുദ്രവച്ച കവറിൽ കോടതിയിൽ ഹാജരാക്കി.
ഇത്തരമൊരു മൊബൈൽഫോൺ തനിക്കില്ലെന്നായിരുന്നു ദിലീപ് ഹൈക്കോടതിയിൽ പറഞ്ഞത്. നാലാമത്തെ ഫോൺ ഏത് കമ്പനിയുടെയാണെന്ന് അറിയാത്തതിനാൽ ഹാജരാക്കാൻ കോടതി നിർദേശിച്ചിരുന്നില്ല. മുംബൈയിലേക്ക് അയച്ചുവെന്നു പറയുന്ന മൊബൈൽഫോണിലെ വിവരങ്ങൾ അടക്കം നാലാമത്തെ ഫോണിലേക്ക് മാറ്റിയിട്ടുണ്ടാകാമെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം. നടിയെ ആക്രമിക്കുന്നതിന് മുമ്പും ശേഷവും ദിലീപും കൂട്ടരും ഉപയോഗിച്ച ഫോണുകളല്ല വീട്ടിൽനിന്ന് കണ്ടെടുത്തത്.
ദിലീപിന്റെ ഒരു പഴയ ഫോണിൽനിന്ന് വർഷം 12,000 വിളികൾ പോയതായി സിഡിആർ (കോൾ ഡീറ്റൈയിൽ റെക്കോഡ്) പരിശോധിച്ചപ്പോൾ കണ്ടെത്തിയിരുന്നു. ഐ ഫോൺ 13 പ്രോയിൽനിന്ന് വിളികൾ താരതമ്യേന കുറവാണ്. ഈ ഫോൺ ഒളിപ്പിച്ചത് തെളിവ് നശിപ്പിക്കാനാണെന്നാണ് ക്രൈംബ്രാഞ്ച് വിലയിരുത്തൽ.
ഫോണുകളിൽ കൃത്രിമം നടത്താൻ സാധ്യതയേറെ
കോടതിയിൽ ഹാജരാക്കാൻ വൈകുംതോറും ഫോണുകളിൽ കൃത്രിമം നടത്താൻ ദിലീപും കൂട്ടുപ്രതികളും ശ്രമിക്കുമെന്ന ആശങ്കയിൽ അന്വേഷകസംഘം. ശബ്ദസന്ദേശങ്ങൾ, കൈമാറിയ ചിത്രങ്ങൾ, ദൃശ്യങ്ങൾ, മറ്റു രേഖകൾ ഉൾപ്പെടെ നശിപ്പിച്ചാലും സൈബർ വിഭാഗത്തിന്റെ സഹായത്തോടെ വീണ്ടെടുക്കാനാകും. എന്നാൽ, പലതവണ കൃത്രിമം കാണിച്ചാൽ ലഭിക്കുന്ന തെളിവുകളുടെ സുതാര്യത നഷ്ടപ്പെടുമെന്നത് വെല്ലുവിളിയാണ്.
ഫോണിലെ ഡാറ്റയ്ക്ക് മുകളില് മറ്റൊരു ഡാറ്റ കൂടുതല് തവണ റീ റൈറ്റ് ചെയ്താൽ ആദ്യമുണ്ടായിരുന്ന ഡാറ്റ നഷ്ടമാകാം. അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ പ്രതികൾ ഗൂഢാലോചന നടത്തിയെന്നുപറയുന്ന കാലത്തെ രേഖകൾമുതൽ ഫോണുകളിലുണ്ട്. മൂന്ന് ആപ്പിൾ ഐഫോണും ഒരു വിവോ ഫോണുമാണ് ദിലീപിനോട് ആവശ്യപ്പെട്ടത്.- രണ്ട് ഫോണുകൾ 2019ന് മുമ്പും ഒരു ഫോൺ 2019ലും മറ്റൊന്ന് 2021ലുമാണ് ദിലീപ് വാങ്ങിയത്.
പരിശോധന കോടതി തീരുമാനിക്കും
ദിലീപിന്റെയും കൂട്ടാളികളുടെയും ഫോണുകൾ കോടതിയിൽ ഹാജരാക്കിയാൽ എത്രയുംവേഗം ഫോറൻസിക് പരിശോധനയ്ക്ക് നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെടും. പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയ ദിലീപിന്റെ ഫോൺ സിഡിആർ (കോൾ ഡീറ്റെയിൽ റെക്കോഡ്സ്) ഫോണിൽ കണ്ടെത്താനാകുമെന്നാണ് നിഗമനം. തിരുവനന്തപുരത്തേത് ഉൾപ്പെടെ ഐടി നിയമപ്രകാരം കേന്ദ്രസർക്കാർ വിജ്ഞാപനം ചെയ്തിട്ടുള്ള രാജ്യത്തെ ഏഴ് അംഗീകൃത ഫോറൻസിക് ലാബുകളിലൊന്നിൽ ഫോണുകൾ പരിശോധിക്കാം. കേരളത്തിൽ നിലവിലുള്ള ഫോറൻസിക് പരിശോധനാ കേന്ദ്രം ക്രൈംബ്രാഞ്ചിനു കീഴിലാണെന്നും ഇവിടെ പരിശോധിച്ചാൽ ഫോണുകളിൽ കൃത്രിമം നടക്കുമെന്നും ദിലീപ് കോടതിയിൽ ആരോപിച്ചിട്ടുണ്ട്. അതുകൊണ്ട് കേരളത്തിന് പുറത്തുള്ള ലാബുകളിൽ പരിശോധനയ്ക്ക് നൽകാനും കോടതി നിർദേശിച്ചേക്കാം. പരിശോധനാഫലം ലഭിക്കാൻ ഒരാഴ്ചയെങ്കിലുമെടുക്കും.
കൂടുതൽപേരെ ചോദ്യം ചെയ്യും
ഉദ്യോഗസ്ഥരെ അപായപ്പെടുത്താനുള്ള ഗൂഢാലോചനയുടെ ഭാഗമായി പ്രതികൾ ഫ്ലാറ്റിൽ ഒത്തുചേർന്ന സംഭവത്തിൽ കൂടുതൽപേരെ ചോദ്യം ചെയ്യും. എംജി റോഡിലെ മേത്തർ ഹോം ഫ്ലാറ്റിൽ നടന്ന ഗൂഢാലോചനയിൽ ദിലീപ്, സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് സുരാജ് എന്നിവർ പങ്കെടുത്തെന്നാണ് കണ്ടെത്തൽ. 2017 ഡിസംബറിൽ നടന്ന സംഭവമായതിനാൽ സിസിടിവി ദൃശ്യങ്ങൾ വീണ്ടെടുക്കാനാകില്ല.
പുതിയ പ്രതികരണം നടത്തിയിട്ടില്ലെന്ന് ലാൽ
നടിയെ ആക്രമിച്ച കേസിൽ നാലുവർഷംമുമ്പ് താൻ പറഞ്ഞ കാര്യങ്ങൾ പുതിയ പ്രതികരണമെന്ന നിലയിൽ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതിനെതിരെ നടൻ ലാലിന്റെ ഫെയ്സ്ബുക് കുറിപ്പ്. ‘നാലുവർഷംമുമ്പുള്ള ദിവസങ്ങളിൽ ദിലീപിനെ സംശയത്തിന്റെ നിഴലിൽ നിർത്തിയുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങളിൽ പ്രതികരിച്ചിട്ടുണ്ട്. എന്നാൽ, അന്നത്തെ എന്റെ പ്രതികരണങ്ങൾ ശബ്ദം മാത്രമായി ഇന്ന് വീണ്ടും പ്രചരിക്കുന്നു. ആരാണ് കുറ്റക്കാരൻ, ആരാണ് നിരപരാധിയെന്നൊക്കെ വേർതിരിച്ചെടുക്കാൻ ഇവിടെ പൊലീസുണ്ട്, നിയമമുണ്ട്, കോടതിയുണ്ട്. അവരുടെ ജോലി അവർ ചെയ്യട്ടെ. നിങ്ങളെപ്പോലെ എനിക്കും സ്വന്തമായി കണക്കുകൂട്ടലുകളും സംശയങ്ങളും കണ്ടെത്തലുകളുമുണ്ട്. പക്ഷേ, അതൊന്നും മറ്റുള്ളവരിൽ കെട്ടിയേൽപ്പിക്കാനുള്ളതല്ല എന്നു തിരിച്ചറിയാനുള്ള സാമാന്യബോധം എനിക്കുള്ളതിനാൽ പുതിയ പ്രസ്താവനകളുമായി ഒരിക്കലും വരില്ല’–- ലാൽ പറയുന്നു.