നെടുമ്പാശേരി
കോവിഡിനെ തുടർന്നുണ്ടായ രണ്ടു വർഷത്തെ ഇടവേളയ്ക്കുശേഷം ആദ്യത്തെ ഉംറ തീർഥാടകസംഘം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് പുറപ്പെട്ടു. അഞ്ച് ലക്ഷദ്വീപുകാർ അടക്കം 36 അംഗസംഘം ഒമാൻ എയറിൽ മസ്കറ്റ് വഴിയാണ് ജിദ്ദയ്ക്ക് തിരിച്ചത്. സംഘത്തിൽ 17 പേർ സ്ത്രീകളാണ്. സൗദിയ ട്രാവൽസാണ് തീർഥാടകരെ യാത്രയാക്കിയത്. ഫെബ്രുവരി 12ന് കൊച്ചിയിൽ തിരിച്ചെത്തുമെന്ന് സൗദിയ മാനേജിങ് ഡയറക്ടർ പി എ എം സലീം സഖാഫി പറഞ്ഞു. ഇന്ത്യയിൽ വാക്സിൻ എടുത്തവർക്ക് പ്രത്യേക സമ്പർക്കവിലക്ക് നിഷ്കർഷിച്ചിട്ടില്ല. ആവശ്യമായിവന്നാൽ സൗകര്യമൊരുക്കും. സംഘമായി ഉംറയ്ക്ക് അവസരം ലഭിച്ചതോടെ നിരവധിപേർ വരുംദിവസങ്ങളിൽ ഇവിടെനിന്ന് യാത്രതിരിക്കും. നെടുമ്പാശേരി മസ്ജിദിൽ പ്രത്യേക പ്രാർഥനയ്ക്ക് ഉംറ അമീർ അബ്ദുൽ ജബ്ബാർ സഖാഫി നേതൃത്വം നൽകി. പേഴയ്ക്കാപ്പിള്ളി അബ്ദുൽ ജബ്ബാർ സഖാഫി, കെ കെ അബ്ദുൽ ജമാൽ, സലീം കൗസരി എന്നിവർ സംസാരിച്ചു. വിദേശികൾക്ക് രണ്ടു വർഷമായി ഹജ്ജിനും ഉംറയ്ക്കും നിയന്ത്രണമുണ്ടായിരുന്നു.