ന്യൂഡൽഹി
കേരളത്തിലെ കോവിഡ് രോഗികളുടെ എണ്ണവും മരണസംഖ്യയും ഉയർന്നുനിൽക്കുന്നത് കൃത്യമായി രേഖപ്പെടുത്തുന്നതുകൊണ്ടെന്ന് ദേശീയമാധ്യമം. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെ അപേക്ഷിച്ച് ദക്ഷിണേന്ത്യയിൽ മരണവും രോഗികളുടെ എണ്ണവും കൂടുതലായതിന്റെ കാരണം വിശകലനം ചെയ്താണ് ‘ടൈംസ് ഓഫ് ഇന്ത്യ’ റിപ്പോർട്ട്. കൃത്യമായി രേഖപ്പെടുത്തുന്നതിനാൽ ചികിത്സ ഉറപ്പാക്കി കൂടുതൽ പേരുടെ ജീവൻ രക്ഷിക്കാൻ കഴിയുമെന്നും വിദഗ്ധരെ ഉദ്ധരിച്ച് ചൂണ്ടിക്കാട്ടുന്നു.
രാജ്യത്തെ ആകെ കോവിഡ് രോഗികളിൽ 4.9 ശതമാനവും മരണങ്ങളിൽ 4.7 ശതമാനവും മാത്രമാണ് ഉത്തർപ്രദേശിൽ. രാജ്യത്തെ 16.5 ശതമാനം ജനസംഖ്യ ഇവിടെയാണ്. 8.6 ശതമാനം ജനസംഖ്യയുള്ള ബിഹാറിൽ ആകെ രോഗികളിൽ രണ്ട് ശതമാനവും മരണങ്ങളിൽ 2.5 ശതമാനവും മാത്രം. ആകെ രോഗികളിൽ 14.3 ശതമാനവും മരണങ്ങളിൽ 10.6 ശതമാനവും റിപ്പോർട്ട് ചെയ്തത് കേരളത്തിലാണ്. എന്നാൽ, ജനസംഖ്യയുടെ 2.8 ശതമാനം മാത്രമാണ് കേരളത്തിലുള്ളത്.
ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാൻ, തെലങ്കാന, ഉത്തർപ്രദേശ്, ബിഹാർ, ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ജനസംഖ്യയുടെ 10,000ത്തിൽ ഒരാൾ കോവിഡ് ബാധിച്ച് മരിച്ചുവെന്ന് ഔദ്യോഗിക കണക്ക് വിശകലനം ചെയ്ത് ‘ദി പ്രിന്റ് ’ വാർത്താപോർട്ടൽ റിപ്പോർട്ട് ചെയ്തു. ഈ ഏഴ് സംസ്ഥാനത്തിന്റെ ജനസംഖ്യ ചേർന്നാൽ ആകെ ജനസംഖ്യയുടെ 48 ശതമാനം വരും. എന്നാൽ, ഈ സംസ്ഥാനങ്ങളിലെ ഔദ്യോഗിക കോവിഡ് മരണം ആകെ മരണങ്ങളുടെ 15 ശതമാനം മാത്രം.