തൃശൂർ
ഇന്ത്യയിൽ ആദ്യത്തെ കൊറോണ രോഗിയെ അറിയാമോ. സർക്കാരിന്റെ ആരോഗ്യ രേഖകളിൽ പേരുണ്ടെങ്കിലും ആ കുട്ടി ഇന്നുവരെ മാധ്യമങ്ങൾക്കു മുന്നിൽ മുഖം പ്രദർശിപ്പിച്ചില്ല. രണ്ടാണ്ട് പിന്നിട്ടിട്ടും അവൾ ‘മുഖം മറച്ചി’രിക്കുകയാണ്. രോഗം പറപറന്നിട്ടും അവർക്ക് തിരിച്ച് ചൈനയിലേക്ക് പറക്കാനാവുന്നില്ല. മെഡിക്കൽ ബിരുദപഠനം പൂർത്തീകരണമെന്ന അവളുടെ സ്വപ്നങ്ങൾ ചൈനയിൽ ബാക്കി നിൽക്കയാണ്. കടുത്ത നിയന്ത്രണങ്ങൾ ഇപ്പോഴും തുടരുകയാണ്. ചൈനയിലേക്ക് വിസ അനുവദിക്കുന്നില്ല. കേരളത്തിൽ തിരിച്ചെത്തിയ നൂറുകണക്കിന് വിദ്യാർഥികളുടെ ഭാവി മഹാമാരിയുടെ പിടിയിലാണ്.
തൃശൂർ മതിലകം സ്വദേശിനിക്കാണ് ഇന്ത്യയിൽ ആദ്യമായി കൊറോണ സ്ഥിരീകരിച്ചത്. കൊറോണ വ്യാപനത്തെത്തുടർന്ന് ചൈനയിൽനിന്ന് തിരിച്ചെത്തി തൃശൂർ ജനറൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ജനു. 30നാണ് രോഗസ്ഥിരീകരണം. ആരോഗ്യ മന്ത്രിയായിരുന്ന കെ കെ ശൈലജയുടെ നേതൃത്വത്തിൽ വിദഗ്ധസമിതി യോഗംചേർന്ന് 31ന് മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജിലേക്ക് മാറ്റി. 25നാൾ ഡോക്ടർമാരും നഴ്സുമാരുമെല്ലാം നൽകിയ കരുതലും സ്നേഹസ്പർശവും വഴി രോഗമുക്തി. ഒരാൾക്കുപോലും രോഗപ്പകർച്ചയേകാതെ കഴിഞ്ഞ ജൂലൈയിൽ വീണ്ടും കോവിഡ് പിടികൂടിയെങ്കിലും അതിജീവനം.
വുഹാനിൽ അഞ്ചാംവർഷ മെഡിക്കൽ വിദ്യാർഥിനിയായ ഈ കുട്ടി ഓൺലൈൻ പഠനം തുടരുകയാണ്. ചൈനയിലെ മെഡിക്കൽ ബിരുദത്തിനൊപ്പം നാഷണൽ മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ ലഭിച്ചാലേ ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യാനാവൂ. എൻഎംസി പരീക്ഷയുടെ തയ്യാറെടുപ്പിനായി ഇപ്പോൾ ഡൽഹിയിൽ കോച്ചിങ് തുടരുകയാണ്.
‘ഇതിനി( കോവിഡ്) മാറീം മറഞ്ഞും വരും. തന്റെ കുട്ടിയുൾപ്പെടെ കേരളത്തിൽ നിന്നുള്ള നിരവധി വിദ്യാർഥികൾക്ക് പഠനം പൂർത്തീകരണത്തിനായി ചൈനയിലേക്ക് പോകേണ്ടതുണ്ട്. എന്നാൽ കഴിയുന്നില്ല. ഇത് ആശങ്കയുണ്ടാക്കുന്നു. ഇതിന് പരിഹാരമുണ്ടാക്കാൻ എല്ലാവരുടെ ഭാഗത്തുനിന്നും സഹകരണം ഉണ്ടാകണം. ’ ഇന്ത്യയിൽ ആദ്യമായി കോവിഡ് ബാധിച്ച കുട്ടിയുടെ ഉപ്പയുടെ വാക്കുകളാണിത്.
എന്നാൽ ചൈനയിൽ കടുത്ത നിയന്ത്രണം തുടരുകയാണെന്ന് നോർക്ക അധികൃതർ അറിയിച്ചു. വിസക്ക് നിയന്ത്രണമുണ്ട്. ഇന്ത്യയിൽ നിന്നും ചൈനയിലേക്കുള്ള വിമാനയാത്രകൾ സാധാരണ രീതിയിൽ പുനഃസ്ഥാപിച്ചിട്ടില്ല. യൂണിവേഴ്സിറ്റികൾ വിദ്യാർഥികളെ തിരിച്ചു വിളിച്ചിട്ടില്ല.















