ചേർത്തല
പൊതുമേഖല സ്ഥാപനങ്ങളിൽ ഉൾപ്പെടെ ജോലി വാഗ്ദാനംചെയ്ത് തട്ടിപ്പ് നടത്തിയ കേസിൽ റിമാൻഡിലായ യുവതിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും. കസ്റ്റഡി അപേക്ഷ തിങ്കളാഴ്ച്ച ചേർത്തല കോടതിയിൽ സമർപ്പിക്കും. തട്ടിപ്പിൽ കൂടുതൽപേര് ഉൾപ്പെട്ടത് സംബന്ധിച്ച അന്വേഷണത്തിനും തെളിവ് ശേഖരണത്തിനുമാണ് പ്രതിയെ കസ്റ്റഡിയിൽ വാങ്ങുന്നത്. ലക്ഷങ്ങൾ നഷ്ടപ്പെട്ട കൂടുതൽപേർ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ പൊലീസിനെ സമീപിച്ചതായാണ് വിവരം.
തിരുവനന്തപുരം ജെഎം അപ്പാർട്ട്മെന്റിലെ രണ്ട് ഡി നമ്പർ ഫ്ലാറ്റിൽ ഇന്ദു (സാറ – –35), ചേർത്തല നഗരസഭ 34–-ാം വാർഡിൽ കുറ്റിക്കാട്ടുകവലയ്ക്ക് സമീപം മന്നനാട്ട് ശ്രീകുമാർ (53) എന്നിവരാണ് കഴിഞ്ഞദിവസം അറസ്റ്റിലായത്. തട്ടിപ്പിൽ ഇടനിലക്കാരനാണ് ആർഎസ്എസ് നേതാവ് ശ്രീകുമാർ.
ആലപ്പുഴയിലെ ഹോംകോ, കൊച്ചി ഷിപ്പ്യാർഡ് തുടങ്ങിയ സ്ഥാപനങ്ങളിലും കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളിലെ സർക്കാർ എയ്ഡഡ് സ്കൂളുകളിലും ജോലി വാഗ്ദാനംചെയ്താണ് തട്ടിപ്പ്. 38 പേരിൽനിന്ന് ഒരുകോടിയോളം രൂപ തട്ടിയതിന്റെ വിവരം പൊലീസിന് ലഭിച്ചു. ബിജെപി ആലപ്പുഴ മുൻ ജില്ലാ പ്രസിഡന്റുമാരായ രണ്ടുപേരും തട്ടിപ്പിനിരയായെന്നാണ് വിവരം. ശ്രീകുമാറിനെതിരെ വേറെയും തട്ടിപ്പ് പരാതികൾ ഉയരുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. വയനാട് അമ്പലവയൽ സ്റ്റേഷൻ പരിധിയിലെ ഒമ്പത് പേരിൽനിന്ന് സംഘം 18 ലക്ഷം തട്ടിയയെന്ന് ഇതിനകം പരാതിയുണ്ട്. ഇവയിലും കേസെടുത്തേക്കും.
കോൺഗ്രസ് നേതാവ് വി എസ് ശിവകുമാർ മന്ത്രിയായിരിക്കെ പേഴ്സണൽ സെക്രട്ടറിയായിരുന്ന വാസുദേവൻനായരുടെ മകളാണ് ഇന്ദു. ഈ ബന്ധവും തട്ടിപ്പിന് ഉപയോഗിച്ചെന്ന് പൊലീസ് പറഞ്ഞു. തട്ടിപ്പിൽ പങ്കാളികളായവരുടെ വിവരം ഇന്ദു പൊലീസിനോട് വെളിപ്പെടുത്തിയെന്നാണ് സൂചന.















