ന്യൂഡൽഹി
പഞ്ചാബിൽ മുഖ്യമന്ത്രി ചരൺജിത്ത് സിങ് ചന്നി രണ്ട് സീറ്റിൽ മത്സരിക്കും. സിറ്റിങ് സീറ്റായ ചാംകൗർ സാഹിബ് മണ്ഡലത്തിന് പുറമെ ബദൗർ മണ്ഡലത്തിലും ചന്നി മത്സരിക്കും. ബദൗറാകട്ടെ എഎപിയുടെ സിറ്റിങ് സീറ്റാണ്.
ചാംകൗർ സാഹിബിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ രണ്ടാമതെത്തിയ എഎപിയുടെ ഡോ. ചരൺജിത്താണ് ഇത്തവണയും സ്ഥാനാർഥി. ചാംകൗർ സാഹിബിൽ തോൽവി ഉറപ്പായതോടെയാണ് ബദൗറിലും ചന്നി മത്സരിക്കുന്നതെന്ന് എഎപി പ്രതികരിച്ചു. പഞ്ചാബിൽ ബദൗർ അടക്കം എട്ട് മണ്ഡലത്തിലാണ് കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. യുപിയിൽ 61 സീറ്റിൽ കൂടി കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ഇതിൽ 24 പേർ വനിതകളാണ്.
അമരീന്ദറിനെതിരെ
മുൻ മേയർ
കോൺഗ്രസ്
സ്ഥാനാർഥി
പഞ്ചാബിലെ പട്യാലയിൽ മുൻമുഖ്യമന്ത്രി അമരീന്ദർ സിങ്ങിനെതിരായി മുൻ മേയർ വിഷ്ണുശർമ കോൺഗ്രസ് സ്ഥാനാർഥി. 2002മുതൽ അമരീന്ദർ തുടർച്ചയായി ജയിക്കുന്ന മണ്ഡലമാണിത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അര ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ജയം. അജിത്ത്പാൽ സിങ് കോഹ്ലിയാണ് എഎപി സ്ഥാനാർഥി. അകാലിദളിന്റെ ഹർപാൽ ജുനേജയും മൽസരരംഗത്തുണ്ട്.















