കോഴിക്കോട് > ‘‘എന്താ കുഞ്ഞാപ്പ ഗോഡ്സെയെന്നും ആർ എസ് എസ് എന്നും പറയാനിപ്പഴും മുട്ടിടിക്കയാണോ. ഗാന്ധിയെ വെടിവെച്ചുകൊന്നതാരെന്ന് നേരെയങ്ങ് പറയു സാഹിബേ’’… സമൂഹമാധ്യമങ്ങളിൽ മുസ്ലിംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിക്കെതിരായ ഈ വിമർശനമുയർത്തുന്നതിലേറെയും പാർടി പ്രവർത്തകർ തന്നെ. ഗാന്ധിരക്തസാക്ഷി ദിനത്തിൽ ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായ പി കെ കുഞ്ഞാലിക്കുട്ടി പുറത്തിറക്കിയ ഫേസ്ബുക്ക് കുറിപ്പിനെതിരെയാണ് വിമർശവും ട്രോളും.
ഗോഡ്സെയുടെ പേര്പോയിട്ട് ഹിന്ദുത്വ തീവ്രവാദമെന്ന് കൂടി പറയാത്ത കുഞ്ഞാലിക്കുട്ടിയുടെ ‘നയചാതുരി ’യെ അഭിനന്ദിച്ചവരുമുണ്ടിതിൽ. ഗാന്ധി വധത്തിലൂടെ ഇന്ത്യയുടെ ആത്മാവിലേക്കാണ് വിഘടനവാദത്തിന്റെ വെടിയുണ്ടകൾ തറഞ്ഞതെന്നായിരുന്നു ലീഗ് നേതാവിന്റെ പരാമർശം. വിഘടനവാദമെന്നത് ജിന്നയെക്കുറിച്ചാണോ എന്ന കളിയാക്കലുമുണ്ട്. ലോകസഭാംഗമായ കുഞ്ഞാപ്പ പാതിവഴിയിൽ ‘ജുദ്ധം’ നിർത്തി രാജിവെച്ചതടക്കം ബിജെപിയുമായുള്ള കൂട്ടിന്റെ പേരിലാണോ ഗോഡ്സെയുടെ പേര് ഒഴിവാക്കിയതെന്ന പരിഹാസവും ഏറെ .