കോഴിക്കോട് > ബ്ലൂടൂത്ത് സ്പീക്കറിൽ ഒളിപ്പിച്ച് കടത്തുകയായിരുന്ന എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ. മലപ്പുറം വള്ളിക്കുന്ന് അത്താണിക്കൽ പുലിയാങ്ങിൽ വൈശാഖ്(22), മലാപ്പറമ്പ് മുതുവാട്ട് വിഷ്ണു (-22) എന്നിവരെയാണ് എക്സൈസ് കമീഷണറുടെ ഉത്തരമേഖല സ്ക്വാഡും എക്സൈസ് ഇന്റലിജൻസും കോഴിക്കോട് എക്സൈസ് സർക്കിൾ പാർട്ടിയുമായി ചേർന്നു നടത്തിയ പരിശോധനയിൽ അറസ്റ്റ് ചെയ്തത്. ഇവരിൽനിന്ന് 55 ഗ്രാം എംഡിഎംഎയും പിടിച്ചു. വിപണിയിൽ മൂന്ന് ലക്ഷം രൂപ വിലമതിക്കുന്നതാണിത്.
ചേവായൂർ പച്ചാക്കിലിൽ ഡ്യൂട്ട് ബൈക്കിൽ ലഹരിമരുന്നുമായി പോകുമ്പോഴാണ് ഇരുവരും എക്സൈസിന്റെ പിടിയിലായത്. ഉത്തരമേഖലയിൽ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ നടക്കുന്ന ഏറ്റവും വലിയ സിന്തറ്റിക് ലഹരിമരുന്ന് വേട്ടയാണിത്. ബംഗളൂരുവിൽനിന്നാണ് ഇവർ മയക്കുമരുന്ന് എത്തിച്ചിരുന്നത്. കോഴിക്കോട് കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളാണ് ഇവരെന്ന് എക്സൈസ് സിഐ ശരത് ബാബു പറഞ്ഞു.
മലപ്പുറം ഐബി ഇൻസ്പെക്ടർ പി കെ മുഹമ്മദ് ഷഫീഖ്, കമീഷണർ സ്ക്വാഡ് അസിസ്റ്റന്റ് ഇൻസ്പെക്ടർ ടി ഷിജുമോൻ, പ്രിവന്റീവ് ഓഫീസർ കെ പ്രദീപ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ നിതിൻ ചോമാരി, അഖിൽ ദാസ്, കോഴിക്കോട് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ ഇ പി വിനോദ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ദിലീപ് കുമാർ ഡി എസ്, മുഹമ്മദ് അബ്ദുൾ റൗഫ്, പി കെ സതീഷ്, എം ഒ രജി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടിച്ചത്.