ആലപ്പുഴ: കേരളത്തിൽ ആയിരക്കണക്കിന് ആളുകൾക്ക് കോവിഡ് ബാധിച്ച് ബുദ്ധിമുട്ടുമ്പോൾ മുഖ്യമന്ത്രി മുൻകൂട്ടി തയ്യാറാക്കിയ പരിപാടികൾ ഇല്ലാതെ യുഎഇയിൽ നിൽക്കുന്നത് ശരിയായ നടപടിയല്ലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. യുഎഇ പരിപാടി വെട്ടിച്ചുരുക്കി സംസ്ഥാനത്തേക്ക് മടങ്ങി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ പിണറായി വിജയൻ തയ്യാറാകണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.
കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ വന്നിരിക്കുന്ന അലംഭാവം വേണ്ടത്ര ഏകോപനമില്ലാത്തത് കൊണ്ടാണ്. കോവിഡ് ബാധിക്കുന്നവർക്ക് മരുന്നുമില്ല ചികിത്സയും ലഭിക്കുന്നില്ല. കോവിഡ് ബാധിച്ചവർ വീടുകളിൽ തന്നെ കഴിയുകയാണ്. അതിന്റെ ഫലമായി വീട്ടിലുളലവർക്കും കോവിഡ് ബാധിക്കുകയാണ്. എന്ത് ചെയ്യണമെന്ന് ജനങ്ങൾക്ക് അറിയാത്ത സ്ഥിതിയാണ് ഒരു സംവിധാനവും നിലവിലില്ല. ഭക്ഷണം പോലും കഴിക്കാതെ ആളുകൾ ബുദ്ധിമുട്ടുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
ടിപിആർ റേറ്റ് കുതിച്ചുയരുമ്പോളും രോഗികളുടെ എണ്ണം വർധിക്കുമ്പോഴും സർക്കാർ സംവിധാനങ്ങളുടെ ഏകോപനമില്ലായമ മൂലം ഒരു പ്രതിരോധപ്രവർത്തനവും സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നില്ല. ആശുപത്രികളിൽ ആളുകൾ പോകുന്നില്ല. എല്ലാവരും വീട്ടിൽ കഴിയാനാണ് സർക്കാർ പറയുന്നത്. സിഎഫ്എൽറ്റിസികൾ തുറക്കുമെന്ന് പറയുമ്പോഴും ഒരിടത്തും ഇവപ്രവർത്തിച്ചുതുടങ്ങിയില്ല. ഒരു സംവിധാനവും ജില്ലാതലങ്ങളിൽ ആരംഭിച്ചിട്ടില്ല. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് നേതൃത്വം കൊടുക്കേണ്ട സർക്കാർ സംവിധാനങ്ങൾ അനങ്ങുന്നില്ല. അതുകൊണ്ടാണ് ഇക്കാര്യം ആവശ്യപ്പെടുന്നതെന്നും ചെന്നിത്തല പറഞ്ഞു.
ലോകായുക്ത ഓർഡിനൻസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി തന്റെ നിലപാട് വ്യക്തമാക്കണം. പൊതു സമൂഹം ആഗ്രഹിക്കുന്നത് ഈ ഓർഡിനൻസ് പിൻവലിക്കണമെന്നാണ്. ഇടത് മുന്നണിയിലെ സിപിഐ പോലും സർക്കാരിനെതിരേ ശകതമായ അഭിപ്രായവ്യത്യാസം രേഖപ്പെടുത്തിയിരിക്കുകയാണ്. നിയമസഭ കൂടാനിരിക്കെ ഇത്തരമൊരു ഓർഡിനൻസിന് യാതൊരു പ്രസക്തിയുമില്ല. നിയമസഭ കൂടുമ്പോൾ ബില്ലായി കൊണ്ടുവരാമായിരുന്നു. ഇത്രയും തിടുക്കപ്പെട്ട തീരുമാനങ്ങൾ എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്നും ചെന്നിത്തല ആലപ്പുഴയിൽ പറഞ്ഞു.
കെ.ടി ജലീലിന്റേത് വില കുറഞ്ഞ ആരോപണമായിപ്പോയെന്നും ഒരു പൊതു പ്രവർത്തകനു ചേർന്ന നടപടിയല്ലെന്നും ചെന്നിത്തല പറഞ്ഞു. വി.സി എന്ന നിലയിൽ വളരെ ഭംഗിയായി ജോലി ചെയ്തയാളാണു ജാൻസി ജയിംസ് ഇവരെയൊക്കെ വിവാദത്തിലേക്ക് വലിച്ചിഴക്കുന്നത് ആർക്കും ഗുണം ചെയ്യില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു
Content Highlights: cm should return to kerala immediately says remesh chennithala