ഇതാ യുവരാജ് സിങ്ങിന് ഒരു പിൻഗാമി. രാജ് ബാവ. ഇടംകൈയ്യൻ ബാറ്റർ. വലംകൈയ്യൻ പേസർ. അണ്ടർ 19 ഏകദിന ലോകകപ്പ് ക്രിക്കറ്റിലെ ഇന്ത്യൻ കുതിപ്പിലെ പ്രധാനി. രണ്ടായിരത്തിൽ യുവരാജ് സിങ്ങിന്റെ ചിറകിലേറിയാണ് ഇന്ത്യ കന്നി കൗമാര ലോകകിരീടം ഉയർത്തിയത്. 22 വർഷങ്ങൾ പിന്നിടുന്നു. യുവരാജിന്റെ സ്ഥാനത്ത് രാജ് ബാവയുണ്ട്. രണ്ട് ജയങ്ങൾക്കപ്പുറത്ത് ലോകകപ്പുണ്ട്.
യുവരാജിനെ കണ്ടാണ് രാജ് ബാവ വളർന്നത്. അച്ഛൻ സുഖ്വിന്ദർ ബാവയ്ക്കൊപ്പം നെറ്റ്സിൽ യുവരാജിന്റെ പരിശീലനത്തിന് കൂട്ട് രാജയായിരുന്നു. ജൂനിയർ ക്രിക്കറ്റിൽ മിന്നിയ സുഖവിന്ദറിന് പരിക്ക് തിരിച്ചടിയായി. 22ആം വയസ്സിൽ പരിശീലകന്റെ കുപ്പായമിട്ടു. യുവരാജിനെ കൂടാതെ ഇന്ത്യക്കായി കളിച്ച പേസർ വി ആർ വി സിങ് ഉൾപ്പെടെ ഒട്ടേറേ പ്രമുഖരുടെ കോച്ചായി. അച്ഛന്റെ കൈപിടിച്ച് നെറ്റ്സിൽ എന്നും പോകാറുള്ള കുഞ്ഞു രാജിന് ആദ്യകമ്പം ക്രിക്കറ്റിനോടായിരുന്നില്ല. സിനിമയും ഡാൻസുമായിരുന്നു അവനെ ആകർഷിച്ചത്. എന്നാൽ ബാറ്റും പന്തും കയ്യിലേന്തിയപ്പോൾ മറ്റെല്ലാം മറന്നു. സ്പോർട്സ് കുടുംബമാണ് രാജിന്റേത്. മുത്തച്ഛൻ തർലോചൻ ബാവ ഇന്ത്യൻ ഹോക്കി താരമായിരുന്നു.1948 ഒളിമ്പിക്സ് സ്വർണ മെഡൽ നേടിയ ടീമിലെ പ്രധാനിയായിരുന്നു തർലോചൻ.
ഹിമാചൽ പ്രദേശിലെ നഹാനിൽ 2002 നവംബർ 12നായിരുന്നു രാജ് ജനിച്ചത്. പതിനൊന്നാം വയസ്സിൽ ജൂനിയർ അരങ്ങേറ്റം. ചണ്ഡിഗണ്ടിനെ പ്രധിനിധീകരിച്ചാണ് കളിക്കുന്നത്. യുവരാജിനെ അനുകരിച്ച് ഇടംകൈയിൽ ബാറ്റ് വീശി തുടങ്ങി. ക്രീസിൽ യുവിയെ അനുസ്മരിപ്പിക്കും വിധമാണ് നില്പ്. പന്തിൽ മാതൃക വി ആർ വി സിങ് തന്നെ. അഛന്റെ ശിഷ്യനെപ്പോലെ വലം കൈ പേസറായി. ബാറ്റിലും പന്തിലും ഒരുപോലെ ശോഭിച്ച രാജിന് അധികം കാത്തിരിക്കേണ്ടി വന്നില്ല. ആഭ്യന്തര ലീഗിൽ മിന്നിയ കൗമാരക്കാരന് അണ്ടർ 19 ഇന്ത്യൻ ടീമിന്റെ വിളിവന്നു. കഴിഞ്ഞ ഡിസംബറിൽ ബംഗ്ലാദേശിനെതിരെ അരങ്ങേറ്റം. പിന്നീട് ഏഷ്യാ കപ്പിൽ ഇന്ത്യയെ ചാമ്പ്യൻമാരാക്കുന്നതിൽ നിർണായകമായി. നാല് കളിയിൽ 91 റണ്ണും എട്ട് വിക്കറ്റും നേടി.
ഈ മികവ് ലോകകപ്പിലും ആവർത്തിച്ചു. ഉഗാണ്ടയ്ക്കെതിരെ 108 പന്തിൽ പുറത്താകാതെ നേടിയ 162 റൺ ലോകകപ്പിലെ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും ഉയർന്ന സ്കോറാണ്. ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ രാജിന്റെ നാല് വിക്കറ്റ് പ്രകടനമാണ് ഇന്ത്യക്ക് ജയമുറപ്പിച്ചത്. ടൂർണമെന്റിൽ ഇതുവരെ നാല് കളിയിൽ 217 റണ്ണും നാലു വിക്കറ്റും ഈ ഓൾറൗണ്ടർ നേടി കഴിഞ്ഞു. സെമിയിൽ എത്തിയ ഇന്ത്യക്ക് രണ്ട് മത്സരങ്ങൾ ജയിച്ചാൽ അഞ്ചാം വട്ടം ചാമ്പ്യൻമാരാകാം. ലോകകപ്പും പിന്നാലെ വരുന്ന ഐപിഎല്ലും വഴി ഇന്ത്യൻ സീനിയർ ടീമിലേക്കുള്ള വഴി സ്വപ്നം കാണുകയാണ് രാജ് ബാവ.