കോഴിക്കോട് > ആർ എസ്എസിനെയും ബിജെപിയെയും നേരിടാൻ ശക്തമായ പ്രത്യയശയാസ്ത്രബോധ്യം കോൺഗ്രസ് നേതൃത്വത്തിനാവശ്യമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ അഭിപ്രായപ്പെട്ടു. അതിനായി സംഘടനയെ പ്രത്യയശാസ്ത്രപരമായി ഇറച്ച ബോധ്യമുള്ളവർക്ക് കൈമാറണം. രാഹുൽഗാന്ധിക്കൊപ്പമുള്ളവർ അവസരവാദികളാണെന്നും മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസിലെ ജി – 23 സംഘത്തിലെ പ്രധാനിയുമായ മണിശങ്കർ അയ്യർ പറഞ്ഞു.
കോൺഗ്രസിന്റെ കഷ്ടകാലത്തിന് ബാബ്രി മസ്ജിദ് തകർച്ചക്കാലത്തെ പ്രധാനമന്ത്രിയായ നരസിംഹഹറാവു മാത്രമല്ല കാരണം. കാൽനൂറ്റാണ്ടായി കോൺഗ്രസിന് നില മെച്ചപ്പെടുത്താനാകാത്തതിന് കാരണം വിട്ടുവീഴ്ചയില്ലാത്ത മതനിരപേക്ഷ നിലപാടിന്റെ കുറവാണെന്നും മണിശങ്കർ അയ്യർ വിമർശിച്ചു. ഒരുപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് നേതൃത്വത്തിനും നയത്തിനുമെതിരായുള്ള മണിശങ്കർ അയ്യരുടെ കടുത്ത വിമർശം.
അഭിമുഖത്തിൽ നിന്ന്: ‘‘ആരേയാണ് വിശ്വസിക്കാനും ആശ്രയിക്കാനും കഴിയുന്നതെന്ന് കോൺഗ്രസ് നേതൃത്വം തിരിച്ചറിയണം. ജി 23 – ൽ നിന്ന് ഒരാൾ പോലും ഇതേവരെ മറ്റൊരു പാർടിയിലേക്ക് പോയിട്ടില്ല. ബിജെപി വെച്ചുനീട്ടിയ പത്മഭൂഷൺ പോലും ഗുലാം നബി ആസാദിന്റെ മനസിളക്കിയിട്ടല്ല. പക്ഷെ പുതിയ പലതലമുറയിലെ പലരും, രാഹുൽ ഗാന്ധിയുടെ കൂടെ വന്നവർ അങ്ങനെയല്ല. കിട്ടിയ അവസരം മുതലാക്കി പാർടി മാറാനാണ് അവർ ശ്രമിച്ചിട്ടുള്ളത്. അവരാണ് അവസരവാദികൾ. സ്ഥാനമാനങ്ങൾക്കായാണ് അവർ കോൺഗ്രസിലേക്ക് വന്നത്. ജി 23നോട് അനുഭാവമുള്ളവരാണ് യഥാർഥ കോൺഗ്രസുകാർ.
ഗാന്ധിജിയുടെയും നെഹ്റുവിന്റെയും പ്രത്യയശാസ്ത്രങ്ങളാണ് ഞങ്ങളെ നയിക്കുന്നത്. കോൺഗ്രസിന് അധികാരത്തിൽ തിരിച്ചുവരാനാകും. അതിന് ബിജെപിയുമായി വേണ്ടത് പ്രത്യയശാസ്ത്രപരമായ പോരാട്ടമാണ്. അത്തരംബോധ്യമുള്ളവർക്ക് സംഘടനയെ കൈമാറണം. പക്ഷെ കഴിഞ്ഞ ആറേഴുവർഷമായി സോണിയാഗാന്ധിയോ രാഹുൽഗാന്ധിയോ തന്നോട് സംസാരിച്ചിട്ടുപോലുമില്ല’’.