തിരുവനന്തപുരം: ലോകായുക്ത ജസ്റ്റിസിനെതിരേ ഉന്നയിച്ച ആരോപണങ്ങളുടെ രേഖകൾ പുറത്തുവിട്ട് കെ.ടി ജലീൽ.എം.ജി സർവകലാശാല വി.സിയായി ഡോ.ജാൻസി ജെയിംസിന്റെ നിയമനത്തിന് വേണ്ടി പ്രമാദമായ കേസിൽ നിന്ന് കോൺഗ്രസ് നേതാവിനെ രക്ഷപ്പെടുത്തിയെന്നായിരുന്നു കെ.ടി ജലീലിന്റെ ആരോപണം. ഇത് സാധൂകരിക്കുന്നതിനായി 2005ലെ കുഞ്ഞാലിക്കുട്ടി ഉൾപ്പെട്ട ഐസ്ക്രീം പാർലർ കേസിന്റെ വിധിപകർപ്പും അതുമായി ബന്ധമുണ്ടെന്ന് ആരോപിക്കുന്ന എംജി സർവകലാശാലയിലെ വി.സി നിയമനത്തിന്റെ രേഖയുമാണ് ഫെയ്സ്ബുക്കിലൂടെ ജലീൽ പുറത്തുവിട്ടത്.
ലോകായുക്ത ജസ്റ്റിസിനെതിരെ നിശിതമായ വിമർശനമാണ് കെടി ജലീൽ ഫെയ്സ്ബുക്കിലൂടെ ഉന്നയിച്ചത്.തക്കപ്രതിഫലം കിട്ടിയാൽ ലോകായുക്ത എന്ത് കടുംകൈയും ആർക്ക് വേണ്ടിയും ചെയ്യും. പിണറായി വിജയനെ പിന്നിൽ നിന്ന് കുത്താൻ യുഡിഎഫ് കണ്ടെത്തിയ കത്തിയാണ് ലോകായുക്ത എന്നായിരുന്നു ജലീലിന്റെ ആരോപണം. ജസ്റ്റിസ് സിറിയക് ജോസഫിന്റെ പേരെടുത്ത് പറയാതെയായിരുന്നു ആരോപണം.
മഹാത്മാഗാന്ധിയുടെ കയ്യിൽ വിശ്വസിച്ച് കൊടുത്ത ആയുധം ഗോഡ്സെയുടെ കയ്യിൽ കിട്ടിയാൽ സംഭവിക്കുന്ന ദുരന്തമാണ് ലോകായുക്താ നിയമവുമായി ബന്ധപ്പെട്ട് കേരളത്തിൽ നടന്നത്. യുഡിഎഫ് നേതാവിനെ പ്രമാദമായ ഒരു കേസിൽ നിന്ന് രക്ഷപ്പെടുത്താൻ സ്വന്തം സഹോദരഭാര്യയ്ക്ക് മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലർ പദവി വിലപേശി വാങ്ങിയ ഏമാൻ, തക്ക പ്രതിഫലം കിട്ടിയാൽ എന്ത് കടുംകയ്യും ആർക്കുവേണ്ടിയും ചെയ്യുമെന്ന് ജലീൽ ഫെയ്സ്ബുക്കിൽ പറഞ്ഞു.
അതേസമയം ജലീലിന്റെ വിമർശനം അതിരുവിട്ടുപോയെന്നും ജുഡീഷ്യറിയോടുള്ള ഭരണകൂടത്തിന്റെ പരസ്യമായ വെല്ലുവിളിയാണ് ജലീലിന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും പ്രതികരിച്ചു.