തിരുവനന്തപുരം: ഫോക്കസ് ഏരിയയെ എതിർക്കുന്ന അധ്യാപകരെ വിമർശിച്ച് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. അധ്യാപകരുടെ ജോലി പഠിപ്പിക്കുക എന്നതാണ്. അധ്യാപകരെ സർക്കാർ നിയോഗിക്കുന്നത് ഉത്തരവാദിത്വത്തിന്റെ അടിസ്ഥാനത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
ഓരോ അധ്യാപകരേയും സർക്കാർ നിയോഗിക്കുന്നത് അവരുടെ ഉത്തരവാദിത്വത്തിന്റെ അടിസ്ഥാനത്തിലാണ്. അധ്യാപകരുടെ പ്രധാനപ്പെട്ട ജോലി പഠിപ്പിക്കുക എന്നതാണ്. വിദ്യാഭ്യാസ വകുപ്പിലെ ഓരോ ഉദ്യോഗസ്ഥനും അവരുടേതായ ചുമതലകൾ നിശ്ചയിച്ചിട്ടുണ്ട്. അത് ഓരോരുത്തരും നിർവഹിക്കണം.എല്ലാവരും ചേർന്ന് ഒരു ചുമതല നിർവഹിക്കേണ്ടെന്നും മന്ത്രി പറഞ്ഞു.
അതേസമയം നാളെ മുതൽ സംസ്ഥാനത്ത് പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ തുടങ്ങും. കോവിഡ് ബാധിച്ച വിദ്യാർഥികൾക്ക് പ്രത്യേക മുറി ഒരുക്കുമെന്നും മന്ത്രി അറിയിച്ചു. വിദ്യാർഥികളുടെ ഭാവിയാണ് സർക്കാരിന് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.
പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷകളിലെ ചോദ്യങ്ങൾ 70 ശതമാനം മാത്രം ഫോക്കസ് ഏരിയയിൽ നിന്നും ബാക്കി 30 ശതമാനം ചോദ്യം ഫോക്കസ് ഏരിയക്ക് പുറത്ത് നിന്നുമായിരിക്കുമെന്ന വിദ്യാഭ്യാസ വകുപ്പിന്റെ തീരുനമാനത്തിനെതിരേ വ്യാപകമായ പരാതികളാണ് ഉയരുന്നത്. ഫോക്കസ് ഏരിയ കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച്കുറവാണ്. നോൺ ഫോക്കസ് ഏരിയ ചോദ്യങ്ങൾക്ക് ചോയിസ് കുറച്ചതും വിവാദമായിരുന്നു.
ചോദ്യപേപ്പറിൽ എ ബി എന്നിങ്ങനെ രണ്ട് പാർട്ടുകളാണ്. ഇതിൽ പാർട്ട് എയിൽ ഫോക്കസ് ഏരിയയിൽ നിന്നുള്ള ചോദ്യങ്ങളും പാർട്ട് ബി യിൽ ഫോക്കസ് ഏരിയക്ക് പുറത്ത് നിന്നുള്ള ചോദ്യങ്ങളുമാണ്. പാർട്ട് എയിൽ 6 ചോദ്യങ്ങൾ നാലെണ്ണത്തിന് ഉത്തരമെഴുതിയാൽ മതിയെന്നിരിക്കെ പാർട്ട് ബി യിലെ ചോദ്യങ്ങൾക്ക് ചോയിസ് ഇല്ല. കൂടുതൽ ചോയിസ് നൽകേണ്ടിയിരുന്നത് നോൺ ഫോക്കസ് ഏരിയയിലെ ചോദ്യങ്ങൾക്കാണെന്നതാണ് അധ്യാപകരടക്കം വ്യക്തമാക്കുന്നത്.
Content Highlights:Minister V Sivankutty criticizes teachers for opposing focus area