കാങ്കോൽ > ആലക്കാട്ടെ ആർഎസ്എസ് ക്രിമിനലിന്റെ വീട്ടിൽ ബോംബ് സ്ഫോടനം നടന്നെന്ന വിവരത്തെ തുടർന്ന് പൊലീസ് അന്വേഷണമാരംഭിച്ചു. ശനി പകൽപന്ത്രണ്ടോടെയാണ് വീട്ടിൽനിന്ന് സ്ഫോടനശബ്ദം കേട്ടതെന്ന് സമീപവാസികൾ പറയുന്നു. നിർമാണത്തിനിടയിലോ മുമ്പ് സൂക്ഷിച്ചുവച്ച ബോംബോ പൊട്ടിയതാകാമെന്നാണ് സംശയം.
സ്ഫോടനം നടന്നയുടൻ വീട്ടിലെത്തിയ ബൊലേറോ കാറിൽ ആർഎസ്എസുകാരൻ കയറിപ്പോകുന്നത് നാട്ടുകാർ കണ്ടിരുന്നു. ഇയാളുടെ ഭാര്യയും മക്കളും വീട്ടിലുണ്ട്. പെരിങ്ങോം പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. ഞായറാഴ്ച ഫോറൻസിക് വിദഗ്ധരും ഡോഗ് സ്ക്വാഡുമെത്തി വിശദ പരിശോധന നടത്തുമെന്ന് പൊലീസ് അധികൃതർപറഞ്ഞു. കൊലപാതകം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ആർഎസ്എസുകാരന്റെ വീട്ടിൽമുമ്പും നിർമാണത്തിനിടെ ബോംബ് പൊട്ടിത്തെറിച്ചിരുന്നു. ഇയാളുടെ അമ്മയ്ക്ക് സാരമായി പരിക്കേറ്റു.