ഹാനോയ്
അന്തരിച്ച വിഖ്യാത സെന് ബുദ്ധ സന്യാസി ടിക് ന്യാട് ഹാന്റെ സംസ്കാരച്ചടങ്ങ് പൂര്ത്തിയായി. ഈ മാസം 22നായിരുന്നു മധ്യ വിയറ്റ്നാമിലെ ഹ്യൂവിൽ ടിക് ന്യാട് ഹാന് അന്തരിച്ചത്. അദ്ദേഹം അന്ത്യനാളുകൾ ചെലവഴിച്ച ടു ഹ്യു പഗോഡയിലെ ആശ്രമത്തില്നിന്നുള്ള വിലാപയാത്രയില് പതിനായിരങ്ങള് പങ്കെടുത്തു. പാതയോരങ്ങളില് തടിച്ചുകൂടിയവര് പ്രിയപ്പെട്ട “സു ഓങ്ങിന്’ ആദരാഞ്ജലി അര്പ്പിച്ചു.
ഒരാഴ്ച മൃതദേഹം ടു ഹ്യു പഗോഡയില്‍ പൊതുദര്ശനത്തിന് വച്ചു. ടിക് ന്യാട് ഹാന്റെ ആഗ്രഹപ്രകാരം ചിതാഭസ്മം അദ്ദേഹം സ്ഥാപിച്ച പ്ലം വില്ലേജിന്റെ ലോകമെമ്പാടുമുള്ള കേന്ദ്രങ്ങളില് നിക്ഷേപിക്കും.
പാശ്ചാത്യ രാജ്യങ്ങളില് ബുദ്ധമതത്തിന്റെ സ്വാധീനം വര്ധിപ്പിക്കാന് നിര്ണായക പങ്ക് വഹിച്ച വ്യക്തിയാണ്. വിയറ്റ്നാം യുദ്ധകാലത്ത് നടത്തിയ സമാധാന പ്രവര്ത്തനങ്ങളുടെ പേരില് തെക്കൻ വിയറ്റ്നാമിലെ അമേരിക്കൻ പാവസർക്കാർ കമ്യൂണിസ്റ്റ് പ്രചാരകന് എന്നാരോപിച്ച് ടിക് ന്യാട് ഹാനെ നാട് കടത്തിയിരുന്നു. 2005ലാണ് അദ്ദേഹത്തിനെതിരായ വിലക്ക് നീക്കിയത്.