തൃശൂർ
‘ മനുജ വിജഞാന സീമാവികാസത്തിന്നനുസൃതമാമസുലഭ സിദ്ധികൾ അവികലം ശാസ്ത്ര ചക്രവാളങ്ങളിൽ അവിടവിടെ വിതയ്ക്കുന്നു വിത്തുകൾ’ കാർഷിക സർവകലാശാല ആ മന്ത്രണഗാനത്തിലെ വരികൾപോലെ പുതിയ വിത്തുകൾ വികസിപ്പിച്ച ഗവേഷണ നേട്ടങ്ങളുടെ നിറവിൽ കാർഷിക സർവകലാശാലയ്ക്ക് സുവർണജൂബിലി. 1972 ഫെബ്രു. ഒന്നിനാണ് കേരള കാർഷിക സർവകലാശാല പ്രവർത്തനം ആരംഭിച്ചത്. വെള്ളാനിക്കരയിലെ പച്ചക്കറി ശാസ്ത്ര വിഭാഗം നൂതന രീതികൾ ഉപയോഗിച്ച് കുറഞ്ഞ ചിലവിൽ ഉഷ്ണ മേഖല പച്ചക്കറി വർഗ വിളകളിൽ സങ്കരയിന വിത്തുകൾ വികസിപ്പിച്ചത് ചരിത്രനേട്ടമാവുകയാണ്. കക്കിരിയുൾപ്പെടെ സങ്കര വിത്തുകൾ തെലങ്കാന,കർണാടക,ആന്ധ്ര, തമിഴ്നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ കർഷകരും വ്യാപകമായി കൃഷിയിറക്കിയതോടെ രാജ്യശ്രദ്ധ നേടി.
മഴമറയ്ക്കും പുറത്തും കൃഷിയിറക്കാൻ യോജിച്ച ഹീര, ശുഭ്ര എന്നീ കുക്കുമ്പർ സങ്കര ഇനങ്ങൾ പെൺ ചെടികളെ ഉപയോഗിച്ച് പച്ചക്കറി ശാസ്ത്ര വിഭാഗം ഉരുത്തിരിയിച്ചിട്ടുണ്ട് തുറസായ സ്ഥലത്ത് പരിസ്ഥിതി സൗഹൃദമായി തേനിച്ചകളെ ഉപയോഗിച്ചുള്ള പരാഗണം വഴി ഈ ഇനത്തിന്റെ വിത്തുണ്ടാക്കാനാവും. കനത്ത വിളവും ലഭിക്കും. ഗൈനീഷ്യസ് ടെക്നോളജി എന്ന ഈ സാങ്കേതിക വിദ്യ ഇന്ത്യയിൽ അപൂർവമായാണ് വിനിയോഗിച്ചിട്ടുള്ളത്.
പോളിഹൗസിനു യോജിച്ച പ്രത്യേക കക്കരിയിനം സെൻട്രൽ സീഡ്സ് സബ് കമ്മിറ്റിയുടെ അംഗീകാരം നേടി. ഈ ഇനം വിത്തിന് അഞ്ചു രൂപയാണ് സ്വകാര്യ കമ്പനികൾ ഈടാക്കുന്നത്. എന്നാൽ കെപിസിഎച്ച്- 1 കക്കിരി ഒരു രൂപയ്ക്ക് കാർഷിക സർവകലാശാലയിൽ നിന്നും ലഭ്യമാണ്. കുരുവില്ലാത്ത തണ്ണിമത്തൻ ഹൈബ്രിഡുകളുടെ വികസനവും പ്രധാന നേട്ടമാണ്.2015ൽ മഞ്ഞക്കാമ്പുള്ള തണ്ണിമത്തൻ ഹൈബ്രിഡ് സ്വർണയും,2017ൽ ചുവന്ന കാമ്പുള്ള ശോണിമയും പുറത്തിറക്കി. കെആർഎച്ച് -1 എന്ന ഹൈബ്രിഡ് പീച്ചിങ്ങ 2019ൽ പുറത്തിറക്കി. വഴുതനയിൽ നീലിമ എന്ന സങ്കര ഇനവും വെള്ളാനിക്കരയിൽ നിന്നും പുറത്തിറക്കി. നീലിമ ബാക്ടീരിയൽ വാട്ട രോഗത്തെ പ്രതിരോധിക്കുന്ന സങ്കര ഇനമാണ്. പാവലിലും മികച്ച ഹൈബ്രിഡ് കർഷകർക്ക് ലഭ്യമാക്കാൻ കഴിയുമെന്ന് പച്ചക്കറിശാസ്ത്ര വിഭാഗം മേധാവി ഡോ.ടി പ്രദീപ് കുമാർ പറഞ്ഞു .















