ന്യൂഡൽഹി
സംഘപരിവാർ ആസൂത്രണം ചെയ്ത 2013ലെ മുസഫർനഗർ കലാപം ഓർമിപ്പിച്ച് പടിഞ്ഞാറൻ ഉത്തർപ്രദേശിൽ ആഭ്യന്തരമന്ത്രി അമിത് ഷായുടെ വർഗീയപ്രചാരണം. കലാപം തകർത്തെറിഞ്ഞ മുസഫർനഗറിൽ ശനിയാഴ്ച പ്രചാരണത്തിന് എത്തിയപ്പോഴാണ് 2013ലെ കലാപം മറന്നുപോയോയെന്ന് അമിത് ഷാ വോട്ടർമാരോട് ആരാഞ്ഞത്. ഒരു പ്രത്യേക മതവിഭാഗത്തിനായാണ് പൊലീസ് പ്രവർത്തിച്ചത്.
തെറ്റ് ആവർത്തിച്ചാൽ അവർ ലഖ്നൗവിൽ വീണ്ടും അധികാരത്തിലെത്തും. ബിജെപിക്ക് വോട്ട് ചെയ്താൽ അതുണ്ടാകില്ല. സഞ്ജീവ് ബല്യാന്റെ നേതൃത്വത്തിൽ കോടതിയിലും തെരുവിലും അവർ നീതിക്കായി പോരാടി–- ഷാ പറഞ്ഞു.
മുസഫർനഗർ കലാപത്തിൽ അറുപതിലേറെ പേർ കൊല്ലപ്പെട്ടിരുന്നു. ഇതിൽ അമ്പതോളംപേർ ന്യൂനപക്ഷ വിഭാഗത്തിൽനിന്നാണ്. നാൽപ്പതിനായിരത്തോളം പേർ ഡൽഹി അടക്കമുള്ള സ്ഥലങ്ങളിലേക്ക് പലായനം ചെയ്തു. ആയിരക്കണക്കിനു കള്ളക്കേസെടുത്തു.















