കോഴിക്കോട് > ഗോവയിലെത്തി സുഖമായി ജീവിക്കാമെന്ന ചിന്തയിൽ ചിൽഡ്രൻസ് ഹോം വിട്ടിറങ്ങിയ ആറ് പെൺകുട്ടികളുടെ കൈവശം ആകെയുണ്ടായിരുന്നത് 48 രൂപ. ഗോവയിൽ റസ്റ്റോറന്റുകളിലും പബ്ബുകളിലും ജോലികിട്ടുമെന്നും സുഖമായി കഴിയാമെന്നും കൂട്ടത്തിൽ ഒരു കുട്ടിയുടെ സുഹൃത്ത് പറഞ്ഞത് വിശ്വസിച്ചാണ് ഇവർ യാത്രതുടങ്ങിയത്. വഴിയിൽനിന്ന് പലരോടുമായി വാങ്ങിയ പണമുപയോഗിച്ചാണ് ഇവർ ബംഗളൂരുവരെയെത്തിയത്.
വെള്ളിമാടുകുന്നിനടുത്തുള്ള ടാക്സി സ്റ്റാൻഡിൽനിന്നായിരുന്നു ആദ്യ പിരിവ്. തങ്ങളുടെ പണവും ഫോണുമെല്ലാം നഷ്ടപ്പെട്ടെന്ന് ഡ്രൈവർമാരെ വിശ്വസിപ്പിച്ചു. കോഴിക്കോട്ടേക്കുള്ള യാത്രക്കായി ഇവർ 120 രൂപ നൽകി. കെഎസ്ആർടിസി സ്റ്റാൻഡിലെത്തിയ പെൺകുട്ടികൾ രണ്ട് ഉത്തരേന്ത്യൻ യുവാക്കളെ പരിചയപ്പെട്ടു. ഇവരിൽനിന്ന് 700 രൂപ സംഘടിപ്പിച്ചു. തിരികെ ഗൂഗിൾ പേ ചെയ്തുനൽകാമെന്ന് പറഞ്ഞാണ് പണം വാങ്ങിയത്.
പാലക്കാട്ടേക്കുള്ള യാത്രക്കിടെ മട്ടന്നൂർ സ്വദേശിയായ സുഹൃത്തിൽനിന്ന് മറ്റൊരാളുടെ ഗൂഗിൾ പേ അക്കൗണ്ട് മുഖേന 2000 രൂപ വാങ്ങി. ബംഗളൂരുവിലേക്ക് ബസിൽ പോകാനായിരുന്നു ശ്രമം. പണം തികയാത്തതിനാലാണ് ട്രെയിൻ യാത്ര തെരഞ്ഞെടുത്തത്. ടിക്കറ്റെടുക്കാതെയാണ് ഇവർ ട്രെയിൻ കയറിയത്. ഈറോഡ് എത്തിയതോടെ ടിടിആർ പിടിച്ചു. പിന്നീട് വന്ന മറ്റൊരു ട്രെയിനിലാണ് ബംഗളൂരു വൈറ്റ്ഫീൽഡ് റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയത്. ഇതിനിടെ പരിചയപ്പെട്ട യുവാക്കൾ മഡിവാളയിലെ ഹോട്ടലിലെത്തിച്ചു.
മദ്യം നൽകി പീഡിപ്പിക്കാൻ ശ്രമിച്ചതോടെയാണ് കുട്ടികൾ രക്ഷപ്പെട്ടത്. മദ്യം കഴിച്ച പെൺകുട്ടിയെ ഹോട്ടലിൽവച്ച് പിടികൂടി. രക്ഷപ്പെട്ട് കോഴിക്കോട്ടേക്കുള്ള ബസിൽ കയറിയ പെൺകുട്ടിയെ മാണ്ഡ്യയിൽവച്ചാണ് കിട്ടിയത്. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ അമ്മയുടെ നമ്പറാണ് കുട്ടി നൽകിയത്. ഈ നമ്പർ പിന്തുടർന്നാണ് ബസ് ജീവനക്കാരുടെ സഹായത്തോടെ കുട്ടിയെ കസ്റ്റഡിയിലെടുത്തത്. മറ്റ് നാലുപേരെ എടക്കരയിൽവച്ചും കസ്റ്റഡിയിലെടുത്തു.