കൊല്ലം: അമേരിക്കയിലെ മേയോ ക്ലിനിക്കിൽ ചികിത്സയ്ക്കു ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിൽ എത്തിയിരുന്നു. പതിവ് വേഷത്തിന് പകരം പാന്റും ഷർട്ടും ബെൽറ്റുെമാക്കെ ധരിച്ചായിരുന്നു അദ്ദേഹം എത്തിയത്.ഈ ചിത്രങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. കോൺഗ്രസ് കേന്ദ്രങ്ങൾ ഇത് ചർച്ചയാക്കിയിരുന്നു. വിഷയത്തിൽഫെയ്സ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണ.
കണ്ണൂരിൽ നടന്ന കെ-റെയിൽ പ്രതിഷേധ സമരത്തിൽ പതിവ് തെറ്റിച്ച് മുണ്ട് ഉടുക്കാതെ പാന്റ് ധരിച്ചെത്തിയ യൂത്ത്കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റിയെ സിപിഎം നേതാക്കൾ പരിഹസിച്ചിരുന്നു. എം.വി. ജയരാജനും പി. ജയരാജനും റിജിൽ മാക്കുറ്റിയെ പരിഹസിക്കുന്ന വീഡിയോക്ക് ഒപ്പം മുഖ്യമന്ത്രിയുടെ ചിത്രം ചേർത്ത് പോസ്റ്റ് ചെയ്തിരിക്കുകയാണ് കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണൻ. ഇത് എന്നെ ഉദ്ദേശിച്ചാണ്, എന്നെ തന്നെ ഉദ്ദേശിച്ചാണ്, എന്നെ മാത്രം ഉദ്ദേശിച്ചാണ് എന്നവർ വീഡിയോയ്ക്ക് ഒപ്പം കുറിച്ചു.
കേരളത്തിൽ ഒമിക്രോൺ വ്യാപനവും കോവിഡ്വ്യാപനവും രൂക്ഷമായ സ്ഥിതിക്ക് വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് മുഖ്യമന്ത്രി വിദേശ പരിപാടികൾ അടിയന്തിരമായി റദ്ദ് ചെയ്യാൻ തയ്യാറാകണമെന്ന് അവർ മറ്റൊരു പോസ്റ്റിൽ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ഒമിക്രോൺ തരംഗം രൂക്ഷമാകുകയും രോഗികളുടെ എണ്ണം ഇന്നും അൻപതിനായിരം പിന്നിട്ട സാഹചര്യത്തിൽ മുഖ്യമന്ത്രി വിനോദ പരിപാടികളിൽ പങ്കെടുക്കുന്നത് ശരിയല്ലെന്നും അവർ പറഞ്ഞു.
ചികിത്സാ സംബന്ധമായ ആവശ്യങ്ങൾക്ക് അമേരിക്കയിൽ പോയതിനെ ആ രീതിയിൽ തന്നെയാണ് പ്രതിപക്ഷവും കണ്ടത്. എന്നാൽ ചികിത്സയ്ക്ക് ശേഷം നാട്ടിൽ എത്തി വിശ്രമം എടുക്കേണ്ട മുഖ്യമന്ത്രി, അതല്ലെങ്കിൽ കർമ്മനിരതനാകേണ്ട മുഖ്യമന്ത്രി ഇപ്പോൾ ഗൾഫിലേക്ക് ഉല്ലാസയാത്ര പോയിരിക്കുകയാണ് എന്ന ആരോപണം ഉന്നയിക്കുന്ന ജനങ്ങളെ കുറ്റം പറയാൻ കഴിയില്ല. കേരളത്തിന് ഇപ്പോൾ മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യം ആവശ്യമാണെന്നും ബിന്ദു കൃഷ്ണ കൂട്ടിച്ചേർത്തു.
Content Highlights:Bindhu krishna facebook post, p jayarajan and m v jayarajan, pinarayi vijayan