കോഴിക്കോട് > ചിൽഡ്രൻസ് ഹോമിൽനിന്ന് കാണാതായ പെൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ രണ്ട് പേർ റിമാൻഡിൽ. കൊല്ലം സ്വദേശി ടോം തോമസ് (24), കൊടുങ്ങല്ലൂർ സ്വദേശി ഫെബിൻ റാഫി (25) എന്നിവരെയാണ് ചേവായൂർ പൊലീസ് അറസ്റ്റുചെയ്തത്. ഫെബിൻ റാഫി ശനിയാഴ്ച വൈകിട്ട് ചേവായൂർ സ്റ്റേഷനിൽ നിന്ന് പൊലീസിന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടെങ്കിലും രണ്ട് മണിക്കൂറിന് ശേഷം പിടിയിലായി. വെള്ളിമാട്കുന്ന് ലോകോളേജിന് പിന്നിലെ കുറ്റിക്കാട്ടിൽ നിന്നാണ് ഇയാൾ പിടിയിലായത്. ലോക്കപ്പിനോട് ചേർന്ന് വനിതാ പൊലീസിനായി വിശ്രമമുറിയുടെ നിർമാണം നടക്കുന്നുണ്ട്. ഇതിനോട് ചേർന്ന് നിന്ന ഫെബിൻ നിർമാണം പകുതിയായ ഭിത്തിക്ക് മുകളിലൂടെ എടുത്ത് ചാടുകയായിരുന്നു.
ഫെബിൻ റാഫി, ടോം തോമസ്
അതേസമയം, പെൺകുട്ടികളെ മജിസ്ട്രേട്ടിന് മുന്നിലെത്തിച്ച് രഹസ്യമൊഴിയും രേഖപ്പെടുത്തി. ബംഗളൂരുവിൽ ട്രെയിനിറങ്ങിയ പെൺകുട്ടികളെ പിന്തുടർന്ന് ഹോട്ടലിൽ എത്തിച്ചെന്നും മദ്യംനൽകി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നുമാണ് യുവാക്കൾക്കെതിരായ കേസ്.
ചിൽഡ്രൻസ് ഹോമിൽനിന്ന് പുറത്തിറങ്ങിയ കുട്ടികൾ പാലക്കാട് വഴി ട്രെയിനിൽ ബംഗളൂരു വൈറ്റ്ഫീൽഡ് റെയിൽവേ സ്റ്റേഷനിലെത്തി. ട്രെയിനിൽ സഹയാത്രികരായിരുന്ന യുവാക്കൾ സ്റ്റേഷനിൽവച്ചാണ് കുട്ടികളെ പരിചയപ്പെട്ടത്. കുട്ടികൾ ഒറ്റയ്ക്കാണെന്ന് മനസിലാക്കിയ ഇവർ പിന്നാലെ കൂടി. തങ്ങൾ ഗോവയ്ക്ക് പോകാൻ ഇറങ്ങിയതാണെന്ന് പെൺകുട്ടികൾ ഇവരോട് പറഞ്ഞു. ഇതിനിടെ ചങ്ങാത്തം സ്ഥാപിച്ച യുവാക്കൾ ഇവരോട് വിശ്രമിക്കാനും കുളിക്കാനും മുറിയെടുത്ത് നൽകാമെന്ന് വിശ്വസിപ്പിച്ചാണ് മഡിവാളയിലേക്ക് കൊണ്ടുപോയത്.
മഡിവാളയിലെ ഹോട്ടലിൽനിന്ന് ഭക്ഷണം വാങ്ങിനൽകി. തുടർന്ന് കുട്ടികളെ മുറിയിലാക്കി ഇരുവരും പുറത്തുപോയി. തിരികെയെത്തിയപ്പോൾ വിദേശമദ്യവും ബിയറും സിഗരറ്റും വാങ്ങിയിരുന്നു. കൂട്ടത്തിൽ ഒരു കുട്ടി നേരത്തെ ലഹരിക്ക് അടിമയായിരുന്നു. മറ്റുള്ളവർ എതിർത്തപ്പോഴും ഈ കുട്ടി യുവാക്കൾക്കൊപ്പം മദ്യപിച്ചു. തുടർന്നാണ് പെൺകുട്ടിയോട് യുവാക്കൾ മോശമായി പെരുമാറാൻ തുടങ്ങിയത്. ബാക്കിയുള്ളവർ എതിർത്തതോടെ വാഗ്വാദമായി. ബഹളംകേട്ടാണ് ആളുകൾ ഓടിക്കൂടിയത്. രണ്ട് യുവാക്കളെയും പെൺകുട്ടികളെയും നാട്ടുകാരും ഹോട്ടൽ അധികൃതരും ചേർന്ന് പിടിച്ചു. എന്നാൽ, മദ്യപിച്ച കുട്ടിയെ മാത്രമാണ് പിടിച്ചുനിർത്താനായത്. മറ്റുള്ളവർ കുതറിയോടി. തുടർന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് ഒരാൾ മൈസൂരുവിനടുത്ത മാണ്ഡ്യയിൽവച്ചും നാലുപേർ എടക്കരയിൽവച്ചും പിടിയിലായതെന്ന് പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. മൊഴിയുടെ അടിസ്ഥാനത്തിലാണ് യുവാക്കളെ അറസ്റ്റ് ചെയ്തത്. കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.