കോഴിക്കോട്: വെള്ളിമാടുകുന്നിലെ ഗവ. ചിൽഡ്രൻസ് ഹോമിൽനിന്ന് പെൺകുട്ടികളെ കാണാതായ കേസിൽ അറസ്റ്റിലായ പ്രതികളിലൊരാൾ ചേവായൂർ പോലീസ് സ്റ്റേഷനിൽ നിന്ന് ഇറങ്ങി ഓടി. പ്രതിയെ മണിക്കൂറുകൾക്കം പോലീസ് പിടികൂടി. സ്റ്റേഷനിന്റെ പുറക് വശത്തുകൂടി പ്രതികളിലൊരാൾ ഓടി രക്ഷപ്പെടുകയായിരുന്നു. കേസിൽ അറസ്റ്റിലായ കൊടുങ്ങല്ലൂർ സ്വദേശി ഫെബിൻ റാഫിയാണ് മുങ്ങിയത്. തിരിച്ചലിനൊടുവിൽ ലോ കോളേജ് പരിസരത്ത് നിന്നാണ് ഫെബിനെ പിടികൂടിയത്. അവിടെയുള്ള ഒരു കുറ്റിക്കാട്ടിൽ ഒളിച്ചിരിക്കുകയായിരുന്നു. ഇയാളെ സ്റ്റേഷനിലെത്തിച്ചു. ഇയാൾക്കൊപ്പം അറസ്റ്റിലായ കൊല്ലം സ്വദേശി ടോം തോമസ് സ്റ്റേഷനിൽ തന്നെയുണ്ടായിരുന്നു.
സ്റ്റേഷന്റെ പുറത്ത് കാടുമൂടിയ സ്ഥലത്തും നിർമാണം നടക്കുന്ന കെട്ടിടത്തിലും ഫെബിൻ റാഫിക്കായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തനായിരുന്നില്ല. കോഴിക്കോട് നഗരത്തിലേക്കും പരിശോധന വ്യാപിപ്പിച്ചിരുന്നു.
ബെംഗളൂരുവിൽ നിന്ന് പെൺകുട്ടികൾക്കൊപ്പമാണ് ഹോട്ടലിൽ മുറിയെടുക്കുന്നതിനിടെ യുവാക്കൾ പിടിയിലായത്. യുവാക്കൾ ശാരീരിക പീഡനത്തിന് ശ്രമിച്ചെന്ന പെൺകുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇവരുടെ അറസ്റ്റ് ഉച്ചയോടെ രേഖപ്പെടുത്തിയിരുന്നു. പോക്സോ വകുപ്പുകളും ജുവനൈൽ ജസ്റ്റിസ് ആക്ടും ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വൈദ്യപരിശോധന നടത്തിയിരുന്നു. ഇതിനുശേഷം സ്റ്റേഷനകത്ത് നിർത്തിയ പ്രതികളിലൊരാളെ കാണാതായി. പിന്നീടാണ് ഇയാൾ രക്ഷപ്പെട്ടെന്ന് പോലീസിന് മനസ്സിലായത്. കോടതിയിൽ ഹാജരാക്കാനിരിക്കെയാണ് പ്രതികളിലൊരാൾ രക്ഷപ്പെട്ടത്.
ബുധനാഴ്ച വൈകീട്ടോടെയാണ് ആറു പെൺകുട്ടികൾ ചിൽഡ്രൻസ് ഹോം വിട്ടിറങ്ങിയത്. വ്യാഴാഴ്ച വൈകീട്ട് ബെംഗളൂരുവിലെ ഹോട്ടലിൽ മുറിയെടുക്കുന്നതിനിടെ ഒരു പെൺകുട്ടിയെയും ഒപ്പമുണ്ടായിരുന്ന മലയാളികളായ രണ്ടു ചെറുപ്പക്കാരെയും മഡിവാള പോലീസ് പിടികൂടിയിരുന്നു. മറ്റ് അഞ്ചുപേരും ഇവിടെനിന്ന് രക്ഷപ്പെട്ടു.
വെള്ളിയാഴ്ച പുലർച്ചെ രണ്ടുമണിയോടെ മൈസൂർ മാണ്ഡ്യ ഭാഗത്തുവെച്ച് ബസിൽ കോഴിക്കോട്ടേക്ക് യാത്രചെയ്യുന്നതിനിടെയാണ് ഒരു പെൺകുട്ടിയെ കണ്ടെത്തി. മറ്റുനാലുപേരെ രാവിലെ പതിനൊന്നോടെ നിലമ്പൂർ എടക്കരയിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നതിനിടെ എടക്കര പോലീസാണ് കണ്ടെത്തിയത്.
ബുധനാഴ്ച വൈകീട്ട് കോഴിക്കോട്ടുനിന്ന് ബസിൽ പാലക്കാട്ടെത്തുകയും അവിടെനിന്ന് ട്രെയിനിൽ ബെംഗളൂരുവിലേക്ക് പോവുകയും ചെയ്തെന്നാണ് കുട്ടികൾ പോലീസിനോടുപറഞ്ഞത്. സ്ഥലങ്ങൾ കാണാനായി പോയെന്നാണ് മൊഴി. കൈയിൽ പണവും മൊബൈൽഫോണും ഒന്നും ഉണ്ടായിരുന്നില്ല. അറസ്റ്റിലായ യുവാക്കളെ ട്രെയിനിൽവെച്ച് പരിചയപ്പെട്ടെന്നാണ് പെൺകുട്ടികൾ മൊഴി നൽകിയിട്ടുള്ളതെങ്കിലും പോലീസത് പൂർണ്ണമായും വിശ്വസിച്ചിട്ടില്ല.