തിരുവനന്തപുരം
അർബുദ രോഗികൾക്ക് ദീർഘ യാത്രയില്ലാതെ ചികിത്സ ലഭിക്കാൻ ജില്ലകളിൽ സർക്കാർ ആശുപത്രികൾ സജ്ജം. സംസ്ഥാനത്ത് 24 ആശുപത്രിയിൽ സൗകര്യം ഒരുക്കി. തിരുവനന്തപുരം ആർസിസി, മലബാർ ക്യാൻസർ സെന്റർ എന്നിവയുമായി ചേർന്നാണ് പദ്ധതി. കീമോതെറാപ്പി, അനുബന്ധ ചികിത്സ എന്നിവയ്ക്കായി എല്ലാ ജില്ലകളിലും സൗകര്യമുണ്ടാകും. ആർസിസിയിലും മെഡിക്കൽ കോളേജുകളിലും ലഭിച്ചിരുന്ന അതേ ചികിത്സ ലഭ്യമാകും. റീജ്യണൽ ക്യാൻസർ സെന്ററുകളിലെ ഡോക്ടർമാരുമായി സംവദിക്കുന്നതിന് ആശുപത്രികളിൽ വാട്സാപ് ഗ്രൂപ്പും രൂപീകരിച്ചു. ഇതിലൂടെ രോഗികളുടെ വിവരം, ചികിത്സ തുടങ്ങിയവ ചർച്ചചെയ്ത് വിദഗ്ധ ചികിത്സ ലഭ്യമാക്കും.
ചികിത്സ ലഭ്യമായ
ആശുപത്രികൾ
ജനറൽ ആശുപത്രി: തിരുവനന്തപുരം, ആലപ്പുഴ, പാല, എറണാകുളം, മൂവാറ്റുപുഴ, തൃശൂർ, കോഴിക്കോട് ബീച്ച്
ജില്ലാ ആശുപത്രി: കൊല്ലം, മാവേലിക്കര, കോട്ടയം, കോഴഞ്ചേരി, തൊടുപുഴ, പാലക്കാട്, തിരൂർ, നിലമ്പൂർ, കണ്ണൂർ, തലശേരി, കാഞ്ഞങ്ങാട്.
താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രി: പുനലൂർ, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ, ഒറ്റപ്പാലം, കഞ്ചിക്കോട് ഇസിഡിസി, വയനാട് നല്ലൂർനാട് ട്രൈബൽ ആശുപത്രി.
കോവിഡിനെതിരായ പോരാട്ടത്തിൽ സഹകരണ ആശുപത്രികളും
കോവിഡിനെതിരായ പോരാട്ടത്തിൽ ആശ്വാസമായി സംസ്ഥാനത്തെ 45 സഹകരണ ആശുപത്രിയും. ഇവയിൽ കുറഞ്ഞ ചെലവിൽ ഐസിയു അടക്കമുള്ള മികച്ച സൗകര്യം ഉറപ്പാക്കുന്നു. എല്ലാ ആശുപത്രിയിലും ഓക്സിജൻ ബെഡ് അടക്കമുള്ളവ ലഭ്യമാണെന്ന് സഹകരണ മന്ത്രി വി എൻ വാസവൻ ദേശാഭിമാനിയോട് പറഞ്ഞു. സംസ്ഥാനത്ത് നിലവിൽ 110 സഹകരണ ആശുപത്രിയുണ്ട്. ഇവയിൽ കിടത്തി ചികിത്സയില്ലാത്ത ആശുപത്രികൾ കോവിഡ് പ്രാഥമിക ചികിത്സാകേന്ദ്രങ്ങളാണ്. എല്ലായിടത്തും ടെലിമെഡിസിൻ സൗകര്യമുണ്ട്.
നീതി മെഡിക്കൽ സ്റ്റോറുകൾവഴി അവശ്യമരുന്നടക്കം 13 ശതമാനംവരെ വിലക്കുറവിൽ ലഭ്യമാക്കുന്നു. നെബുലൈസർ, പൾസ് ഓക്സിമീറ്റർ തുടങ്ങിയവയും കുറഞ്ഞ വിലയ്ക്ക് ലഭ്യമാണ്. സഹകരണസംഘങ്ങൾ മാസ്ക്, സാനിറ്റൈസർ നിർമാണത്തിലും സജീവമാണ്. ആംബുലൻസുകളും കോവിഡ് പ്രതിരോധത്തിന് ഉപയോഗിക്കുന്നു.