തിരുവനന്തപുരം/കൊച്ചി
ആലുവയിൽ സിമന്റുമായെത്തിയ ചരക്ക് ട്രെയിൻ പാളം തെറ്റിയതിനെത്തുടർന്ന് റെയിൽ ഗതാഗതം താറുമാറായി. ഒരു ട്രാക്കിൽ ഗതാഗതം തടസ്സപ്പെട്ടതിനാൽ വെള്ളിയാഴ്ച 11 ട്രെയിൻ റദ്ദാക്കി. ആലപ്പുഴയ്ക്കും ഷൊർണൂരിനുമിടയിൽ നിരവധി ട്രെയിനും ഭാഗികമായും റദ്ദാക്കി. വ്യാഴാഴ്ച പുനലൂരിൽനിന്ന് പുറപ്പെട്ട ഗുരുവായൂർ എക്സ്പ്രസ് (16327) തൃപ്പൂണിത്തുറയിൽ സർവീസ് അവസാനിപ്പിച്ചു. ചെന്നൈ എഗ്മോറിൽനിന്ന് പുറപ്പെട്ട ഗുരുവായൂർ എക്സ്പ്രസ് (16127) എറണാകുളത്ത് സർവീസ് അവസാനിപ്പിച്ചു. വെള്ളി രാവിലെ 5.15-ന് പുറപ്പെടേണ്ട എറണാകുളം- പുണെ എക്സ്പ്രസ് (22149) മൂന്നുമണിക്കൂർ വൈകി പുറപ്പെട്ടു.
ശനിയാഴ്ചത്തെ തിരുച്ചിറപ്പള്ളി–- തിരുവനന്തപുരം സെൻട്രൽ സൂപ്പർഫാസ്റ്റ് (22627), കണ്ണൂർ–-തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ് (12081) ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. അപകടത്തിന് ഇടയാക്കിയ ട്രാക്ക് വെള്ളി രാത്രിയോടെ ഗതാഗതത്തിന് സജ്ജമാക്കി. സംഭവത്തിൽ റെയിൽവേ ഉന്നതതല അന്വേഷണം ആരംഭിച്ചു. അപകടത്തെതുടർന്ന് നിരവധി ട്രെയിനുകൾ വിവിധ സ്റ്റേഷനുകളിൽ പിടിച്ചിട്ടത് യാത്രക്കാരെ വലച്ചു. ചില ട്രെയിനുകൾ ഏഴു മണിക്കൂറിലധികം പിടിച്ചിട്ടു. ആന്ധ്രയിൽനിന്ന് കൊല്ലത്തേക്ക് വന്ന ചരക്ക് ട്രെയിനാണ് വ്യാഴം രാത്രി പാളം തെറ്റിയത്. ആലുവയിൽ സിമന്റ് ഇറക്കാനായി ട്രാക്ക് മാറുന്നതിനിടെയായിരുന്നു അപകടം.