ന്യൂഡൽഹി
പട്ടികജാതി, പട്ടികവർഗ വിഭാഗക്കാർക്ക് സർക്കാർ സർവീസിൽ സ്ഥാനക്കയറ്റത്തിന് സംവരണം അനുവദിക്കാന് മാനദണ്ഡങ്ങൾ രൂപീകരിക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി. സ്ഥാനക്കയറ്റം നടത്തേണ്ട തസ്തികകളിൽ എസ്സി, എസ്ടി വിഭാഗക്കാർക്ക് മതിയായ പ്രാതിനിധ്യമുണ്ടോയെന്ന് പരിശോധിക്കേണ്ടത് സംസ്ഥാന സർക്കാരുകളാണെന്ന് ജസ്റ്റിസ് എൽ നാഗേശ്വരറാവു അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.
ഏത് ഗ്രേഡ്/ കാറ്റഗറി തസ്തികയിലേക്കാണോ സ്ഥാനക്കയറ്റം നടത്തേണ്ടത്, അതിലെ പ്രാതിനിധ്യത്തിന്റെ കണക്കാണ് എടുക്കേണ്ടത്. ക്ലാസ്/ ഗ്രൂപ്പ് അടിസ്ഥാനത്തിൽ കണക്കെടുപ്പ് നടത്തരുത്. കേഡർ ആയിരിക്കണം കണക്കെടുപ്പിന്റെ അടിസ്ഥാന യൂണിറ്റ്. ഗ്രൂപ്പുകളുടെ അടിസ്ഥാനത്തിൽ കണക്കെടുപ്പ് നടത്തണമെന്ന ബി കെ പവിത്ര കേസിലെ (2019) സുപ്രീംകോടതി മുൻ ഉത്തരവ് നിലനിൽക്കില്ല. എത്ര കാലം കൂടുമ്പോഴാണ് പ്രാതിനിധ്യം നിർണയിക്കാൻ പുതിയ കണക്കെടുപ്പ് നടത്തേണ്ടതെന്ന കാര്യത്തിൽ കേന്ദ്രസർക്കാരിന് തീരുമാനം എടുക്കാമെന്ന് ജസ്റ്റിസ് ഭൂഷൺ ഗവായ് കൂടി അംഗമായ ബെഞ്ച് ഉത്തരവിട്ടു. 2006ൽ എം നാഗരാജ് കേസിൽ സ്ഥാനക്കയറ്റത്തിന് സംവരണം അനുവദിച്ച 85–-ാം ഭരണഘടനാഭേദഗതിയുടെ നിയമസാധുത ഭരണഘടനാബെഞ്ച് ശരിവച്ചിരുന്നു. സ്ഥാനക്കയറ്റം നടത്തേണ്ട തസ്തികയിൽ എസ്സി, എസ്ടി വിഭാഗങ്ങളുടെ പ്രാതിനിധ്യത്തിന്റെ കണക്കെടുക്കണം, ക്രീമിലെയറിനെ ഒഴിവാക്കണം–- തുടങ്ങിയ ഉപാധികളും ഏർപ്പെടുത്തി.
2018ൽ നാഗരാജ് കേസിലെ ഉത്തരവ് ഏഴംഗ ഭരണഘടനാബെഞ്ച് പുനഃപരിശോധിക്കണമെന്ന ആവശ്യം സുപ്രീംകോടതി അഞ്ചംഗബെഞ്ച് തള്ളി. ക്രീമിലെയറിനെ ഒഴിവാക്കാമെന്ന ഉപാധി അഞ്ചംഗബെഞ്ചും ശരിവച്ചു. എന്നാൽ, സ്ഥാനക്കയറ്റം അനുവദിക്കുന്നത് പ്രാതിനിധ്യക്കുറവിനെക്കുറിച്ചുള്ള കണക്കുകളുടെ അടിസ്ഥാനത്തിലാകണമെന്ന ഉപാധി അഞ്ചംഗബെഞ്ച് റദ്ദാക്കി. ഈ സാഹചര്യത്തിൽ പല സർക്കാർവകുപ്പുകളിലും സ്ഥാനക്കയറ്റം തർക്കവിഷയമായി. മാനദണ്ഡങ്ങളിൽ വ്യക്തതതേടി കേന്ദ്ര, സംസ്ഥാന സർക്കാരുകൾ സുപ്രീംകോടതിയെ സമീപിച്ചു. ഏകദേശം 144 ഹർജിയാണ് കോടതിയുടെ പരിഗണനയ്ക്ക് എത്തിയത്. സ്ഥാനക്കയറ്റത്തിന് സംവരണം അനുവദിക്കണമെങ്കിൽ പ്രാതിനിധ്യം വ്യക്തമാക്കുന്ന കൃത്യമായ കണക്കുകൾ വേണമെന്ന മുൻ നിലപാടിൽ ഉറച്ചുനിൽക്കുന്നതാണ് സുപ്രീംകോടതിയുടെ പുതിയ ഉത്തരവ്. നാഗരാജ് കേസിലെ വിധി, ആ ഉത്തരവ് പുറപ്പെടുവിച്ച 2006 ഒക്ടോബർമുതലാകും ബാധകമാകുകയെന്നും സുപ്രീംകോടതി വിശദീകരിച്ചു. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ സമർപ്പിച്ച ഹർജികളിലെ ബാക്കി ആവശ്യങ്ങൾ ഫെബ്രുവരി 24ന് പരിഗണിക്കും.