കൊച്ചി
കോഴിക്കോട് ഇരട്ടസ്ഫോടന കേസ് വിധിപ്രസ്താവത്തിൽ ഹൈക്കോടതി ചൂണ്ടിക്കാണിച്ചത് അന്വേഷണത്തിൽ എൻഐഎയുടെ ഗുരുതരവീഴ്ചകൾ. കേസ് തീർക്കാനുള്ള തിടുക്കത്തിൽ തെളിവ് നിയമപ്രകാരം സ്വീകാര്യമല്ലാത്ത, പ്രതികളുടെ കുറ്റസമ്മതത്തെമാത്രം അന്വേഷകസംഘം ആശ്രയിച്ചെന്നും ഹൈക്കോടതി കുറ്റപ്പെടുത്തി. തെളിവു നിയമത്തിലെ 25, 26 വകുപ്പുപ്രകാരമല്ല കുറ്റസമ്മതമൊഴി രേഖപ്പെടുത്തിയത്. അന്വേഷണം അവസാനിപ്പിക്കാൻ ഏജൻസിക്ക് തിടുക്കമില്ലായിരുന്നെങ്കിൽ കുറ്റാരോപിതർക്കെതിരെ കൂടുതൽ തെളിവുകൾ കണ്ടെത്താനാകുമായിരുന്നെന്നും ജസ്റ്റിസുമാരായ കെ വിനോദചന്ദ്രൻ, എ എ സിയാദ് റഹ്മാൻ എന്നിവരടങ്ങുന്ന ബെഞ്ച് വിലയിരുത്തി.
ഗൂഢാലോചനയിലോ കൃത്യം നടപ്പാക്കുന്നതിലോ പ്രതികളുടെ പങ്ക് തെളിയിക്കാനായില്ല. നൽകിയ തെളിവുകളാകട്ടെ വിശദപരിശോധനയിൽ ദയനീയമായി പരാജയപ്പെട്ടു. പ്രതികളുടെ മൊഴികളിൽ പറയുന്ന തെളിവുകൾ കണ്ടെത്താൻ എൻഐഎ ശ്രമിച്ചില്ല. രണ്ടു ബൂത്തുകളിൽനിന്നാണ് പ്രതികൾ ഭീഷണി കോളുകൾ വിളിച്ചതെന്ന് പറയുന്നുണ്ടെങ്കിലും ഇവയുടെ കൃത്യമായ വിവരങ്ങൾ തെളിയിച്ചിട്ടില്ല. മാപ്പുസാക്ഷി ഷമ്മി ഫിറോസിന്റെ മൊഴിയെ പ്രോസിക്യൂഷൻ അമിതമായി ആശ്രയിച്ചു. എന്നാൽ, ഇയാൾ നൽകുന്ന വിവരങ്ങൾ സ്ഥിരീകരിക്കപ്പെടാത്തതാണ്. സ്ഫോടനത്തിന് ഉപയോഗിച്ച ജലാറ്റിൻ വാങ്ങിയതുമായി ബന്ധപ്പെട്ട് സ്ഥിരീകരിക്കാവുന്ന തെളിവുകളില്ല. പ്രതി നസീർ ജലാറ്റിൻ വാങ്ങുന്നത് കണ്ടതായി ആരോപിച്ച സാക്ഷികൾ തടിയന്റവിട നസീറിനെ തിരിച്ചറിഞ്ഞില്ല. നസീർ ബോംബ് സൂക്ഷിച്ച സ്ഥലം സംബന്ധിച്ച് ഒരു പ്രതിയുടെ വെളിപ്പെടുത്തലുണ്ട്. ഇവിടങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും മൊഴി സാധൂകരിക്കുന്ന ഒന്നും കിട്ടിയില്ല. എല്ലാ പ്രതികളുടെയും വീടുകളിൽ തിരച്ചിൽ നടത്തിയിട്ടും തെളിവുകൾ ലഭിച്ചില്ല. നസീറിന്റെ പേരിൽ കുറ്റം ചുമത്താൻ കഴിയുന്ന ഒരു തെളിവുപോലും ഒരിടത്തുനിന്നും കണ്ടെത്താനായില്ലെന്നും കോടതി വിമർശിച്ചു.
2006 മാർച്ച് മൂന്നിനാണ് കോഴിക്കോട് മൊഫ്യൂസൽ ബസ് സ്റ്റാൻഡിലും കെഎസ്ആർടിസി സ്റ്റാൻഡിലും സ്ഫോടനം നടന്നത്. ഒന്നും രണ്ടും പ്രതികളായിരുന്ന നസീറിനെയും ഷഫാസിനെയുമാണ് ഹൈക്കോടതി വെറുതെ വിട്ടത്. മറ്റു പ്രതികളെ വിചാരണക്കോടതി വിട്ടയച്ചിരുന്നു. 2003 മാറാട് കേസിലെ പ്രതികൾക്ക് ജാമ്യം നിഷേധിച്ചതിൽ പ്രതിഷേധിച്ച് സ്ഫോടനം നടത്തിയെന്നാണ് കേസ്.