പെരിന്തൽമണ്ണ: ലോക്ഡൗൺസാധ്യത മുന്നിൽക്കണ്ട് ആന്ധ്രയിൽനിന്ന് ആംബുലൻസിൽ രഹസ്യമായി ഒളിപ്പിച്ച് കടത്തിയ കഞ്ചാവ് പിടികൂടി. പെരിന്തൽമണ്ണയിലാണ് സംഭവം. വൻ തോതിൽ കഞ്ചാവ് കേരളത്തിലേക്ക് കടത്തുന്നതായും ഏജന്റുമാരായി ജില്ലയിൽ ചിലർ പ്രവർത്തിക്കുന്നുണ്ടെന്ന മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്.സുജിത്ത് ദാസിന് ലഭിച്ചരഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പോലീസ് പരിശോധന.
പെരിന്തൽമണ്ണ ഡിവൈഎസ്പി എം.സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ ഈ സംഘത്തിലെ ചില കണ്ണികളെ കുറിച്ച് സൂചനലഭിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ആംബുലൻസിൽ രഹസ്യമായി ഒളിപ്പിച്ച് ആന്ധ്രയിൽ നിന്നും കേരളത്തിലേക്ക് കടത്തിയ 46 കിലോഗ്രാം കഞ്ചാവുമായി മൂന്നുപേർ അറസ്റ്റിലായത്.
മലപ്പുറം ചട്ടിപ്പറമ്പ് സ്വദേശി ആറങ്ങോട്ട് പുത്തൻപീടികയേക്കൽ ഉസ്മാൻ(46), തിരൂരങ്ങാടി പൂമണ്ണ സ്വദേശി ഈരാട്ട് വീട്ടിൽ ഹനീഫ(40), മുന്നിയൂർ കളത്തിങ്ങൽ പാറ സ്വദേശി ചോനേരി മഠത്തിൽ മുഹമ്മദാലി (36) എന്നിവരെയാണ് പെരിന്തൽമണ്ണ സി.ഐ.സുനിൽ പുളിക്കൽ, സി.കെ.നൗഷാദ് എന്നിവരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തത്.
പ്രതികളെ കൂടുതൽ ചോദ്യം ചെയ്തതിൽ വൻ സാമ്പത്തിക ലാഭം ലക്ഷ്യംവെച്ചാണ് കഞ്ചാവു കടത്തിലേക്കിറങ്ങിയതെന്ന് പ്രതികൾ പറഞ്ഞു. പോലീസ്- എക്സൈസ് അധികൃധരുടെ പരിശോധനകൾ ഒഴിവാക്കാനാണ് കഞ്ചാവുകടത്തിന് ആംബുലൻസ് ഉപയോഗിച്ചതെന്നും പ്രതികൾ പോലീസിനോട് പറഞ്ഞു.
Content Highlights:marijuana smuggling in ambulance three arrested