തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് അതിരൂക്ഷ വ്യാപനം കണക്കിലെടുത്ത് പ്രതിരോധ പ്രവർത്തനങ്ങൾ സജീവമാക്കാൻ സംസ്ഥാന തലത്തിൽ തദ്ദേശ സ്വയംഭരണ വാർ റൂം പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുമെന്ന് മന്ത്രി എം.വി ഗോവിന്ദൻ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനായി നോഡൽ ഓഫീസർമാരെ നിയോഗിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കോവിഡ് മൂന്നാം തരംഗത്തിന്റെ ഭാഗമായി സംസ്ഥാനത്ത് കോവിഡും ഒമിക്രോമും വ്യാപിക്കുന്നതിന്റെ ഭാഗമായി ടിപിആർ നിരക്ക് ഉയർന്നിരിക്കുകയാണ്. അതിനാലാണ് വാർ റൂം പുനരുജ്ജീവിപ്പിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളുടെ കീഴിലുള്ള ആരോഗ്യ സ്ഥാപനങ്ങളുടെ പ്രവർത്തനം തടസ്സപ്പെടുന്നില്ലെന്നും ഓക്സിജൻ ബെഡുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ നിലവിലുണ്ടെന്നും ഉറപ്പുവരുത്തുന്നുണ്ടെന്ന് മന്ത്രി അറിയിച്ചു.
ഹോം ഐസൊലേഷനിലുള്ളവർക്ക് നിർദേശങ്ങളും ഉപദേശങ്ങളും നൽകുന്നുണ്ട്. ഡി.സി.സികളുടെ പ്രവർത്തനങ്ങൾ സജീവമാക്കുന്നുണ്ട്. ടെലിമെഡിസിനും ആംബുലൻസ് സൗകര്യവും ഉറപ്പുവരുത്തിയാണ് മുന്നോട്ടുപോവുന്നത്. ഇത്തരം കാര്യങ്ങളെല്ലാം ഓരോ തദ്ദേശ സ്ഥാപന പ്രദേശത്തും ഉറപ്പുവരുത്തുന്നതിനായും പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ച വരാതിരിക്കാനായും തദ്ദേശ സ്ഥാപന തലത്തിലും വാർ റൂമുകൾ പുനരുജ്ജീവിപ്പിക്കാൻ നിർദേശം നൽകിയതായി മന്ത്രി അറിയിച്ചു.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആവശ്യമുള്ള ആളുകളെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നിയോഗിക്കാവുന്നതാണ്. ഇതിനാവശ്യമായ ചെലവ് തനത്/പദ്ധതി ഫണ്ടിൽ നിന്ന് കണ്ടെത്താവുന്നതാണെന്നും മന്ത്രി പറഞ്ഞു.
Content Highlights : Covid19 WAR Roomactivities will be intensified at the state level-Minister MV Govindan