കൊച്ചി: വധ ഗൂഢാലോചനക്കേസിൽ നടൻ ദിലീപിന്റെ മുൻകൂർ ജാമ്യഹർജിയെ എതിർത്ത് ഉപ ഹർജിയുമായി പ്രോസിക്യൂഷൻ. ദിലീപ് അന്വേഷണവുമായി സഹകരിക്കുന്നില്ല. ദിലീപ് അടക്കമുള്ള പ്രതികൾ മൊബൈൽ ഫോൺ ഹാജരാക്കാത്തത് ദുരുദ്ദേശത്തോടെയാണെന്നും ഫോൺ ഹാജരാക്കാൻ കോടതി നിർദേശിക്കണമെന്നുമാണ് ഉപഹർജിയിൽ പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരിക്കുന്നത്.
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നേരത്തെ മുൻകൂർ ജാമ്യ ഹർജി പരിഗണിക്കുന്നതിനിടെ അന്വേഷണവുമായി സഹകരിക്കണമെന്ന് കോടതി ദിലീപിനോട് പറഞ്ഞിരുന്നു. എന്നാൽ അന്വേഷണത്തിന്റെ ഭാഗമായി ഫോണുകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ട് അതിന് തയാറാകാത്തത് ജാമ്യ വ്യവസ്ഥയുടെ ലംഘനമാണ്. ആയതിനാൽ കോടതി തന്നെ ഈ ഫോണുകൾ ഹാജരാക്കാൻ നിർദ്ദേശിക്കണമെന്നാണ് ഇന്ന് പ്രോസിക്യൂഷൻ സമർപ്പിച്ച ഉപഹർജിയിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.
പ്രോസിക്യൂഷന്റെ ആവശ്യപ്രകാരം ബുധനാഴ്ച വരെ ദിലീപിന്റെ മുൻകൂർ ജാമ്യഹർജി പരിഗണിക്കുന്നത് മാറ്റിവെക്കുകയായിരുന്നു. അതേസമയം മുൻകൂർ ജാമ്യാപേക്ഷയും പ്രോസിക്യൂഷൻ ഇന്ന് സമർപ്പിച്ച ഉപഹർജിയോടൊപ്പം കോടതി ചിലപ്പോൾ പരിഗണിച്ചേക്കാം. ദിലീപിനേയും മറ്റ് പ്രതികളേയുംകഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി മുപ്പത്തിമൂന്ന് മണിക്കൂർ ചോദ്യം ചെയ്തതിന്റെ റിപ്പോർട്ടും മറ്റ് ഡിജിറ്റൽ തെളിവുകളും അന്വേഷണ സംഘം കോടതിക്ക് മുൻപിൽ സമർപ്പിച്ചിട്ടുണ്ട്.
അതേസമയം അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു പൗലോസിനെതിരേ ദിലീപ് സമർപ്പിച്ച ഹർജി ഇന്ന് വിചാരണ കോടതി പരിഗണിച്ചേക്കും. നടിയെ അക്രമിച്ച കേസിലെ പുനരന്വേഷണത്തിന്റെ വിശദമായ റിപ്പോർട്ട് ഇന്ന് അന്വേഷണ സംഘം കോടതിയിൽ സമർപ്പിക്കും.
Content Highlights:Dileep isnot co-operatingwith probe says Prosecution in court