കേസിലെ പ്രധാന തെളിവായി എൻ.ഐ.എ കൊണ്ടുവന്ന മാപ്പുസാക്ഷിയുടെ മൊഴിയുടെ വിശ്വാസ്യത നഷ്ടപ്പെട്ടതാണ് ഒന്നാം പ്രതി തടിയന്റവിട നസീറിന് വിചാരണക്കോടതി വിധിച്ച ട്രിപ്പിൾ ജീവപര്യന്തം റദ്ദാക്കാൻ കാരണം. നാലാം പ്രതി ഷഫാസിന്റെ ഇരട്ടജീവപര്യന്തവും റദ്ദാക്കിയിട്ടുണ്ട്. കേസിൽ വിചാരണക്കോടതി വെറുതെവിട്ട പ്രതികൾക്കെതിരെ എൻ.ഐ.എ നൽകിയ അപ്പീലും ഡിവിഷൻ ബെഞ്ച് തള്ളി.
മാപ്പുസാക്ഷിയുടെ മൊഴി
അയൽവാസിയായ അബ്ദുൽ റഹീം 2005 അവസാനം തടിയന്റവിട നസീറിനെ പരിചയപ്പെടുത്തിയെന്നാണ് ഷമ്മി ഫിറോസിന്റെ മാപ്പുസാക്ഷി മൊഴി പറയുന്നത്. ഈ അബ്ദുൽറഹീം പിന്നീട് കശ്മീരിൽ നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ആദ്യം കണ്ടതിന് ശേഷം രണ്ടോ മൂന്നോ തവണ പരപ്പനങ്ങാടിയിൽ വെച്ച് നസീറിനെ കണ്ടിരുന്നു.
കോഴിക്കോട് കലക്ടറേറ്റിന്റെയും കാലിക്കറ്റ് ടൈംസ് എന്ന പത്രത്തിന്റെയും കോഴിക്കോട് എസ്.പി ഓഫീസിന്റെയും നമ്പർ ഇന്റർനെറ്റിൽ നിന്ന് സംഘടിപ്പിച്ച് നൽകാൻ ഷഫാസാണ് നിർദേശിച്ചത്. കേസിലെ ഒമ്പതാം പ്രതിയോട് തന്നെ വിളിക്കാൻ പറയാനും തടിയന്റവിട നസീർ നിർദേശിച്ചിരുന്നു. പക്ഷെ, കലക്ടറേറ്റിലെയും പത്രത്തിന്റെയും ഫോൺ നമ്പറുകൾ എടുത്തു നൽകിയില്ല.
സ്‌ഫോടനം നടന്ന 2006 മാർച്ച് മൂന്നിന് രാവിലെ 10.30ന് കംപ്യൂട്ടർ ക്ലാസിൽ ഷമ്മി ഫിറോസ് ഇരിക്കുമ്പോളാണ് തടിയന്റവിട നസീർ വിളിക്കുന്നത്. കോഴിക്കോട്ടെ മർക്കസ് മസ്ജിദിന് സമീപം എത്താനായിരുന്നു നിർദേശം. നസീറും ഷഫാസും അടക്കം ആറു പേർ അവിടെയുണ്ടായിരുന്നു. രണ്ട് പ്ലാസ്റ്റിക് കവറുകൾ കണ്ടതിൽ ബോംബാണെന്ന് നസീർ പറഞ്ഞു. കണ്ണൂരിൽ നിർമിച്ച ബോംബുകൾ മൊഫ്യൂസിൽ ബസ്റ്റാൻഡിലും കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലും സ്ഥാപിക്കാനായിരുന്നു പദ്ധതി.
രണ്ടാം മാറാട് സംഭവത്തിലെ ആരോപണവിധേയർക്ക് ജാമ്യം നിഷേധിച്ചതിൽ പ്രതിഷേധിക്കാനാണ് ബോംബ് വെക്കുന്നതെന്നും നസീർ വിശദീകരിച്ചു. തുടർന്ന് മൂന്നുസംഘങ്ങളായി തിരിഞ്ഞാണ് രണ്ടു സ്ഥലങ്ങളിലും ബോംബ് സ്ഥാപിച്ചത്. ബോംബ് വെച്ച കാര്യവും കാരണവും കാലിക്കറ്റ് ടൈംസിൽ അറിയിക്കലായിരുന്നു ഷമ്മിയുടെ ചുമതല. ഫോൺ ചെയ്ത ശേഷം ഷമ്മി സ്‌പോക്കൺ ഇംഗ്ലീഷ് ക്ലാസിലേക്ക് പോയി. സ്‌ഫോടനം നടന്ന കാര്യം ക്ലാസിൽ ഇരിക്കുമ്പോഴാണ് അറിഞ്ഞത്.
പിന്നീട്, 2008ൽ ജോലിക്കായി ഗൾഫിൽ പോയി. 2010ൽ തിരിച്ചുവരുമ്പോഴാണ് നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് എൻ.ഐ.എ അറസ്റ്റ് ചെയ്തത്. കോഴിക്കോട് ഗസ്റ്റ് ഹൗസിൽ ചോദ്യം ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കി. മാപ്പുസാക്ഷിയാവാൻ താൽപര്യമുണ്ടായതിനാൽ കോടതിയിൽ അപേക്ഷ നൽകി. ആ അപേക്ഷ കോടതി അംഗീകരിക്കുകയും ചെയ്തു.
മാപ്പുസാക്ഷിയുടെ മൊഴിയും ഹൈക്കോടതിയും
കുറ്റകൃത്യത്തിൽ പങ്കെടുക്കുകയും പിന്നീട് സുഹൃത്തുക്കളെ വഞ്ചിക്കുകയും ചെയ്യുന്ന മാപ്പുസാക്ഷികളെ ഏറ്റവും അയോഗ്യരായ സുഹൃത്തുക്കളായാണ് നിയമം കാണുന്നതെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. അതിനാൽ ഷമ്മി ഫിറോസിന്റെ മൊഴിയുടെ വിശ്യാസത പരിശോധിക്കുകയാണ് ആദ്യം ചെയ്തത്.
കേസിലെ മറ്റുപ്രതികളുമായി അടുത്തബന്ധമുണ്ടെന്ന് ഷമ്മി ഫിറോസ് മാപ്പുസാക്ഷി മൊഴിയിൽ പറയുന്നില്ലെന്ന് വിധിയിൽ ഹൈക്കോടതി നിരീക്ഷിക്കുന്നു. 2005 അവസാനം ഒരു അയൽവാസി തടിയന്റവിട നസീറിനെ പരിചയപ്പെടുത്തിയെന്നാണ് പറയുന്നത്. പിന്നീട് രണ്ടോ മൂന്നോ തവണ തടിയന്റവിട നസീറിനെ കണ്ടു. ഇത്തരം പരിചയം കൊണ്ടുമാത്രം രാജ്യദ്രോഹപരമായ ഒരു സ്‌ഫോടനക്കേസിൽ ഇയാളെ മറ്റുള്ളവർ പങ്കെടുപ്പിക്കാൻ സാധ്യതയില്ല.
പരിചയത്തിന്റെ പുറത്ത് ഫോൺ നമ്പറുകൾ ശേഖരിച്ച് നൽകാൻ നസീർ പറഞ്ഞുവെന്നാണ് ഷമ്മിയുടെ മൊഴി പറയുന്നത്. ബോംബ് വെച്ച കാര്യം കോഴിക്കോട് കലക്ടറേറ്റിലേക്ക് വിളിച്ച് അറിയിച്ചത് ഷഫാസാണെന്നാണ് പ്രോസിക്യൂഷൻ ആരോപിക്കുന്നത്. പിന്നെ എന്തിനാണ് അടുത്തബന്ധമില്ലാത്ത ഷമ്മി ഫിറോസിനെ ഈ സംഘത്തിൽ ഉൾപ്പെടുത്തുന്നത്. ഫോൺ ചെയ്യാനായി മാത്രം അയാളെ വിളിച്ചുവരുത്തിയെന്ന പ്രോസിക്യൂഷൻ വാദം സംശയകരവും അവിശ്വസനീയവുമാണ്.
ഇയാൾക്ക് മൗലികവാദ സംഘടനകളുമായി ബന്ധമുണ്ടെന്നോ ഗൂഡാലോചനയിൽ പങ്കുണ്ടെന്നോ അന്വേഷണ ഏജൻസി ആരോപിക്കുന്നില്ല. രാജ്യദ്രോഹപരമായ പ്രവൃത്തികളിൽ ഏർപ്പെട്ടതിന്റെ പശ്ചാത്തലവുമില്ല. സ്‌ഫോടനം കഴിഞ്ഞ് രണ്ടാഴ്ച്ചക്ക് ശേഷം കേരള പൊലീസിലെ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തിരുന്നതായി ക്രോസ് വിസ്താരത്തിൽ മാപ്പുസാക്ഷി വെളിപ്പെടുത്തിയിരുന്നു.
കാലിക്കറ്റ് ടൈംസിലേക്ക് ഫോൺ ചെയ്തു എന്നു പറയപ്പെടുന്ന ടെലഫോൺ ബൂത്തിലെ ജീവനക്കാർക്കും കാലിക്കറ്റ് ടൈംസിൽ ഫോൺ എടുത്ത വ്യക്തിക്കും ഇയാളെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. ഇതെല്ലാം മാപ്പുസാക്ഷിയുടെ മൊഴി അവിശ്വസനീയമാക്കുകയാണ്.
മാപ്പുസാക്ഷിയെ 2010 മാർച്ച് 19നാണ് നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് അറസ്റ്റ് ചെയ്തതെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടുന്നു. 20ന് കോടതിയിൽ ഹാജരാക്കി. മാപ്പുസാക്ഷിയാവാൻ അന്ന് തന്നെ അയാൾ കോടതിയിൽ അപേക്ഷ നൽകി. ഈ അപേക്ഷ 23ന് പരിഗണിക്കാൻ മാറ്റിയ കോടതി പ്രതിയെ റിമാൻഡ് ചെയ്തു. പക്ഷെ, 22ന് തന്നെ കോടതി പ്രതിയെ മൂന്നു ദിവസത്തേക്ക് എൻ.ഐ.എ കസ്റ്റഡിയിൽ വിട്ടു. ഈ സമയത്താണ് മാപ്പുസാക്ഷി നിർണായകമായ വെളിപ്പെടുത്തലുകൾ നടത്തിയത്.
പിന്നീട്, കോടതിയിൽ ഹാജരാക്കിയ സമയത്താണ് ഇയാളുടെ മൊഴി സി.ആർ.പി.സിയിലെ 164ാം വകുപ്പ് പ്രകാരം രേഖപ്പെടുത്തണമെന്ന് എൻ.ഐ.എ അപേക്ഷ നൽകിയത്. മാപ്പുസാക്ഷിയാവാൻ അനുവദിക്കണമെന്ന ഇയാളുടെ പുതിയ അപേക്ഷ 2010 സെപ്റ്റംബർ രണ്ടിനാണ് കോടതി അനുവദിച്ചത്. പക്ഷെ, കേസിൽ ഇയാളെ നേരത്തെ പൊലീസ് ചോദ്യം ചെയ്തു വിട്ടിരുന്നു. ടെലഫോൺ ബൂത്ത് ജീവനക്കാർക്കോ കാലിക്കറ്റ് െൈടംസിൽ ഫോൺ എടുത്തയാൾക്കോ ഇയാളെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല.
മാപ്പുസാക്ഷി നൽകുന്ന മൊഴി കേസിലെ വസ്തുതകളിലേക്ക് വെളിച്ചം വീഴ്ത്തിയാൽ മാത്രമേ അതിനെ തെളിവായി സ്വീകരിക്കാനാവൂയെന്നാണ് തെളിവ് നിയമം പറയുന്നതെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. അന്വേഷണ ഏജൻസി കൊണ്ടുവന്ന മാപ്പുസാക്ഷിയുടെ മൊഴി ദയനീയമായി പരാജയപ്പെട്ടിരിക്കുകയാണെന്നും കോടതി വ്യക്തമാക്കി.
അന്വേഷണ ഉദ്യോഗസ്ഥർ നിയമം ലംഘിച്ചു
കേസിലെ ആരോപണവിധേയർക്കെതിരെ അന്വേഷണ ഏജൻസികൾക്ക് ഒരു തെളിവും കൊണ്ടുവരാനായിട്ടില്ലെന്ന് 101 പേജുള്ള വിധി പറയുന്നു. കണ്ണൂർ മൈതാനപ്പള്ളിയിൽ രണ്ടു ബോംബുകൾ ടെസ്റ്റ് ചെയ്തു എന്ന ആരോപണത്തിന് വേണ്ട തെളിവുകളില്ല. കേരളാ പൊലീസ് നാലു വർഷം അന്വേഷിച്ച ശേഷമാണ് കേസ് എൻ.ഐ.എ ഏറ്റെടുത്തത്. ഈ നാലുവർഷവും ഉദ്യോഗസ്ഥർ ഇരുട്ടിൽ തപ്പുകയായിരുന്നുവെന്ന് കോടതി വിമർശിക്കുന്നു.
ബോംബ് വെച്ച കാര്യം അറിയിക്കാൻ ആരാണ് ഫോൺ വിളിച്ചതെന്നോ, ടെലഫോൺ ബൂത്തുകളുടെ സ്ഥാനമോ തെളിയിക്കാൻ പോലും അന്വേഷണ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞിട്ടില്ല. ”കേസിലെ കുറ്റസമ്മതമൊഴികൾ ഞങ്ങളെ അമ്പരിപ്പിക്കുന്നു.”– കോടതി പറയുന്നു.
കേസിലെ മൂന്നാം പ്രതി മറ്റൊരു സ്‌ഫോടനക്കേസിൽ പിടിയിലായപ്പോഴാണ് കോഴിക്കോട് സ്‌ഫോടനക്കേസിലെ അയാളുടെ പങ്ക് വെളിപ്പെട്ടതെന്നാണ് അന്വേഷണ ഏജൻസികൾ പറയുന്നത്. മൂന്നാം പ്രതി ആ കേസിലെ അന്വേഷണ ഉദ്യോഗസ്ഥന് നൽകിയ കുറ്റസമ്മതമൊഴിയെ ഈ കേസിൽ ആശ്രയിക്കാനാവില്ല. മൂന്നാം പ്രതിയെ ചോദ്യം ചെയ്ത ശേഷമാണ് തടിയന്റവിട നസീറിനെയും എട്ടു വരെയുള്ള ആരോപണവിധേയരെയും പ്രതികളാക്കിയത്.
ബംഗളൂരുവിൽ മറ്റൊരു കേസിൽ ജയിലിൽ കഴിയവയെയാണ് നസീറിനെയും ഷഫാസിനെയും കോഴിക്കോട് സ്‌ഫോടനക്കേസിൽ അറസ്റ്റ് ചെയ്തത്. ഒമ്പതാം പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയോ ചോദ്യ ചെയ്യുകയോ ഉണ്ടായിട്ടില്ല. മാപ്പുസാക്ഷി മൊഴിയുടെ മാത്രം അടിസ്ഥാനത്തിലാണ് ആദ്യം മൂന്നാം പ്രതിയെയും പിന്നീട് ഒന്നും നാലും എഴും പ്രതികളെ കേസിൽ എൻ.ഐ.എ പ്രതിചേർത്തത്. പക്ഷെ, കുറ്റകൃത്യത്തിൽ ഒന്നും നാലും പ്രതികളുടെ പങ്ക് സംശയാതീതമായി തെളിയിക്കാൻ കഴിഞ്ഞിട്ടില്ല.
പ്രതികൾ നൽകുന്ന മൊഴികളുടെ അടിസ്ഥാനത്തിൽ കഷ്ടപ്പെട്ട് സ്വതന്ത്രമായ തെളിവുകൾ ശേഖരിക്കാൻ അന്വേഷണ ഉദ്യോഗസ്ഥർ ശ്രമിച്ചില്ലെന്ന കാര്യം പറയാതിരിക്കാനാവില്ലെന്ന് വിധിയിൽ കോടതി വിമർശിക്കുന്നു. വെളിപ്പെടുത്തലുകൾ കൊണ്ടുവരാൻ അവർ ‘റെഡ് പെപ്പർ’ ഉപയോഗിച്ചോ എന്ന ഊഹിക്കാൻ ഞങ്ങൾ ശ്രമിക്കുന്നില്ല. കേസ് തീർക്കാനുള്ള ആശങ്കയിൽ എൻ.ഐ.എ ഉദ്യോഗസ്ഥർ നിയമപരമായി നിലനിൽക്കാത്ത മൊഴികൾ വരെ രേഖപ്പെടുത്തി. ഇത്തരം വിഷയങ്ങളിലെ നിയമം അറിയാത്തവർ ആണ് എൻ.ഐ.എ എന്ന് കരുതുന്നില്ല.
”കേസിൽ നിന്ന് ആരും രക്ഷപ്പെടരുതെന്ന ഉദ്ദേശത്തോടെ വിശദമായ മൊഴികളില്ലാതെ കുറ്റസമ്മതത്തിലെ വെളിപ്പെടുത്തലുകളെ മാത്രം ആശ്രയിച്ച് നിന്ദ്യമായ രീതിയിൽ ആരോപണവിധേയരെ കേസുമായി ബന്ധപ്പെടുത്തുകയാണ് ചെയ്തിരിക്കുന്നത്. ഇത് തെളിവ് നിയമത്തിലെ 25, 26 വകുപ്പുകളുടെ ഗൗരവമേറിയ ലംഘനമാണ്. പ്രതികൾക്കെതിരെ സംശയാതീതമായ തെളിവുകൾ ഇല്ലെങ്കിലും നിർബന്ധമായും ശിക്ഷിപ്പിക്കണമെന്ന തോന്നൽ കോടതിക്കുണ്ടാക്കാനാണ് തുനിഞ്ഞിരിക്കുന്നത്.” — വിധി പറയുന്നു.
****