കൊച്ചി: നയതന്ത്ര ചാനൽ വഴി മതഗ്രന്ഥം, ഈന്തപ്പഴം എന്നിവ വിതരണം ചെയ്ത കേസിൽ കാരണം കാണിക്കൽ നോട്ടീസ് നൽകാൻ അനുമതി. യുഎഇ കോൺസുലേറ്റ് ജനറൽ, അറ്റാഷെ എന്നിവർക്ക് നോട്ടീസ് നൽകുന്നതിനാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അനുമതി നൽകിയത്.
നയതന്ത്ര ചാനൽ വഴിയുള്ള പാഴ്സലായി മതഗ്രന്ഥവും ഈന്തപ്പഴവും കൊണ്ടുവന്നതിന് രണ്ട് കേസുകളാണ് കസ്റ്റംസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കേന്ദ്ര അനുമതി ലഭിച്ചതോടെ കാരണം കാണിക്കൽ നോട്ടീസിനുള്ള കരട്തയ്യാറാക്കുകയാണ് കസ്റ്റംസ്. അറ്റാഷെയും കോൺസുലേറ്റ് ജനറലും കേസിൽ ഉൾപ്പെട്ട സാഹചര്യത്തിലാണ് കസ്റ്റംസ് കേന്ദ്രത്തോട് അനുമതി തേടിയത്.
ആർക്കൊക്കെയാണ് ഈ കേസിൽ നോട്ടീസ് നൽകുകയെന്നതാണ് അറിയേണ്ടത്. കേസുമായി ബന്ധപ്പെട്ട് അന്ന് മന്ത്രിയായിരുന്ന കെ.ടി ജലീലിനെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. എൻഐഎയും ഈ കേസിൽ ചോദ്യം ചെയ്തിരുന്നു. അതൊടൊപ്പം പ്രോട്ടോക്കോൾ ഓഫീസറേയും കസ്റ്റംസ് നിരവധി തവണ വിളിച്ചുവരുത്തി ചോദ്യം ചെയ്തു.
നയതന്ത്ര ചാനൽ വഴി വന്ന സാധനങ്ങൾ പുറത്ത് വിതരണം ചെയ്യാൻ കഴിയില്ലെന്നും ഇത് ചട്ടവിരുദ്ധവും നിയമലംഘനവുമാണെന്നാണ് കസ്റ്റംസ് അന്ന് കണ്ടെത്തിയത്. നേരത്തെ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്ത് കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് ഈ കേസും ഒപ്പം ഡോളർ കടത്ത് കേസും രജിസ്റ്റർ ചെയ്തത്.
Content Highlights: Centre gives permission to customs for issuing show cause notice