കരുളായി: ഇരുപതുവർഷം മുൻപത്തെ റിപ്പബ്ലിക്ദിന പരിപാടികളിൽ കേന്ദ്രസർക്കാരിന്റെ അതിഥിയായി പങ്കെടുത്ത ആദിവാസി വയോധികൻ മറ്റൊരു റിപ്പബ്ലിക്ദിനത്തിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു.
പ്രാക്തന ഗോത്രവിഭാഗമായ ചോലനായ്ക്കരിലെ ജനകീയമുഖമായ കരിമ്പുഴ മാതൻ (67) ആണ് ബുധനാഴ്ച കൊല്ലപ്പെട്ടത്. കരുളായി ഉൾവനത്തിലെ വാൾകെട്ടുമലയിൽ താമസിക്കുന്ന മാതൻ, ബുധനാഴ്ച റേഷൻ വാങ്ങിക്കുന്നതിന് മാഞ്ചീരിയിലേക്കു വരുമ്പോൾ കാട്ടാനയുടെ മുന്നിൽപ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ ഓടിരക്ഷപ്പെട്ടു. പ്രായാധിക്യം കാരണം ഓടാൻ കഴിയാത്ത മാതനെ ആന കൊന്നു.
കരുളായി അങ്ങാടിയിൽനിന്ന് മുപ്പതുകിലോമീറ്റർ അകലെ വാൾകെട്ടുമലയ്ക്കും പാണപ്പുഴയ്ക്കുമിടയിൽ രാവിലെ പത്തുമണിയോടെയാണ് സംഭവം.
ആനയുടെ മുന്നിൽനിന്ന് രക്ഷപ്പെട്ടവർ കൂടുതൽപേരെ കൂട്ടിവന്നെങ്കിലും ആനക്കൂട്ടം സ്ഥലത്തു തമ്പടിച്ചതിനാൽ ഒന്നുംചെയ്യാൻ കഴിഞ്ഞില്ല.
ബുധനാഴ്ച സംഭവസ്ഥലത്തേക്കു പുറപ്പെട്ട അധികൃതർക്ക് വ്യാഴാഴ്ച രാവിലെ പത്തുമണിയോടെയാണ് സ്ഥലത്തെത്താനായത്.
നിലമ്പൂർ തഹസിൽദാർ പി. രഘുനാഥ്, വഴിക്കടവ് എസ്.എച്ച്.ഒ. പി. അബ്ദുൾബഷീർ എന്നിവരുടെ നേതൃത്വത്തിൽ പൂക്കോട്ടുംപാടം എസ്.ഐ. ജയകൃഷ്ണൻ ഇൻക്വസ്റ്റും പോലീസ് ഫൊറൻസിക് സർജൻ ഡോ. മെഹ്ജ് സി. ഫാത്തിമയുടെ നേതൃത്വത്തിൽ മൃതദേഹപരിശോധനയും നടത്തി.
വൈകുന്നേരത്തോടെ ചോലനായ്ക്കരുടെ ആചാരപ്രകാരം സംസ്കാരവും നടത്തി.
എല്ലാ തിരഞ്ഞെടുപ്പിലും വോട്ടുചെയ്യാൻ മലയിറങ്ങിവരാറുള്ളയാളാണ് മാതൻ. 2001-ലെ റിപ്പബ്ളിക്ദിന പരിപാടികളിലാണ് മാതനും ഭാര്യ കരിക്കയും പങ്കെടുത്തത്.
ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. സുരേഷ്ബാബു, കരുളായി വില്ലേജ് ഓഫീസർ എൻ.വി. ഷിബു, റെയ്ഞ്ച് ഓഫീസർ നജ്മൽ അമീൻ, പഞ്ചായത്തംഗങ്ങളായ ഇ.കെ. അബ്ദുറഹ്മാൻ, ജിതിൻ വണ്ടൂരാൻ തുടങ്ങിയവർ നേതൃത്വംനൽകി.
കാട് കവർന്ന പുഞ്ചിരി
കരുളായി: ചൂരൽക്കൊട്ടയുമേന്തി, ചുണ്ടിലൊരു പുഞ്ചിരിയുമായല്ലാതെ കരിന്പുഴ മാതനെ മാഞ്ചീരിക്കാട്ടിൽ കാണാറില്ല. ബുധനാഴ്ച തന്റെ നേർക്ക് കൊലവിളിയുമായെത്തിയ കാട്ടാനയെ നോക്കിയും മാതൻ ഇതേ ചിരി ചിരിച്ചിട്ടുണ്ടാകും. പതിറ്റാണ്ടുകളായി താൻ നടന്നുതീർത്ത കാട്ടുവഴികളിൽ, വീടുപോലെ സുപരിചിതമായ കാട്ടിൽ തന്നെ കാത്ത് മരണം നിൽക്കുമെന്ന് ഈ ചോലനായ്ക്ക മൂപ്പൻ പ്രതീക്ഷിച്ചിട്ടുണ്ടാവില്ല.
ബുധനാഴ്ചകളിൽ മാതന്റെ പതിവ് ഇതായിരുന്നില്ല. വാൾകെട്ടുമലയിലെ താമസസ്ഥലത്തുനിന്ന് പത്തു കിലോമീറ്റോളം ദൂരം കാൽനടയായെത്തി മാഞ്ചീരിയിലെത്തി റേഷൻ വാങ്ങിപ്പോവുക എന്നതായിരുന്നു പതിവ്. കുടിയിൽ തന്നേക്കാൾ അവശയായി ഭാര്യ കരിക്ക കിടപ്പിലാണ്. പട്ടിണിയാകാതിരിക്കാൻ ചൂരൽക്കൊട്ടയുമായി എല്ലാ ബുധനാഴ്ചകളിലും മാതൻ റേഷൻ വാങ്ങാനെത്തും.
ബുധനാഴ്ച പക്ഷേ, റേഷൻ വാങ്ങാൻ മാതൻ വന്നില്ല. ആരുമറിഞ്ഞില്ല. കാടിന്റെ മറ്റൊരു കോണിൽ കാട്ടാനയുടെ മുന്നിൽപ്പെട്ട് ആ ജീവൻ പൊലിഞ്ഞ കാര്യം. കാട്ടറിവുകളുടെ കലവറയും കാടിനെ അടുത്തറിയുന്നയാളുമായ മാതന് ഇങ്ങനെയൊരു ദുരന്തമുണ്ടാകുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നുമില്ല. ട്രക്കിങ്ങിനു പോകുന്ന വനപാലകരുൾപെടെയുള്ളവർ വഴികാട്ടിയായി മാതനെയാണ് കൂട്ടിയിരുന്നത്. വിശ്വസ്തനും ധീരനുമായിരുന്നു മാതനെന്ന് പലകുറി ഇദ്ദേഹത്തോടൊപ്പം ട്രക്കിങ്ങിനു പോയ മുൻ മാഞ്ചീരി വി.എസ്.എസ്. സെക്രട്ടറി കെ.എ. അബ്ദുൽ റഷീദ് പറഞ്ഞു. വന്യമൃഗങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ തനിച്ചുപോയി നോക്കി ഇല്ലെന്നുറപ്പുവരുത്തി ഒരു പോറൽപോലുമേൽപ്പിക്കാതെ എത്രയെത്ര സംഘങ്ങളെയാണ് മാതൻ ആനയും പുലിയും കടുവയും കരടിയുമുള്ള ഈ കാട്ടിലൂടെ നയിച്ചിട്ടുള്ളത്. അങ്ങനെയുള്ള മാതൻ ആനയ്ക്കുമുമ്പിൽ അകപ്പെട്ടുവെന്നത് കാടൊളിപ്പിച്ചുവെച്ച മറ്റൊരു വൈചിത്രമാകാം.
സർക്കാർ രേഖകളിൽ മാതന് പ്രായം എഴുപത്. എൺപതിനുമുകളിൽ വരുമെന്ന് ബന്ധുക്കൾ പറയുന്നു. ചോലനായ്ക്കരിലെതന്നെ തലമുതിർന്നൊരാളെയാണ് റിപ്പബ്ലിക് ദിനത്തിൽ കാടിനു നഷ്ടമായത്.
രണ്ടു പതിറ്റാണ്ട്; ജീവൻ
: രണ്ടു പതിറ്റാണ്ടിനിടെ ആനയുടെ ആക്രമണത്തിൽ മരിക്കുന്ന നാലാമത്തെ ചോലനായ്ക്കനാണ് കരിമ്പുഴ മാതൻ. 2017-ൽ കുപ്പമല കേത്തന്റെ മകൻ ശിവനെ ആന ചവിട്ടിക്കൊന്നു. അതിനും 13 വർഷം മുൻപ് വീരൻ-ജക്കി ദമ്പതിമാരുടെ കുട്ടികളെയും ആന വകവരുത്തി. ആനയുടെ ആക്രമണത്തിൽ മറ്റു ആദിവാസികളും നാട്ടുകാരും ഇടയ്ക്കിടെ കൊല്ലപ്പെടാറുണ്ടെങ്കിലും കൊടുങ്കാട്ടിൽ കഴിയുന്ന ചോലനായ്ക്കർ അപൂർവമായേ ആക്രമണത്തിന് ഇരയാകാറുള്ളൂ.
മറ്റു വനവാസികളെ അപേക്ഷിച്ച് വന്യമൃഗങ്ങളുടെ വിഹാരം അധികമുള്ള ഉൾവനത്തിലാണ് ചോലനായ്ക്കർ വനവിഭവശേഖരണം നടത്തുന്നതും വസിക്കുന്നതും. മൃഗങ്ങളുടെ സ്വഭാവവും സാന്നിധ്യവുമെല്ലാം ഇവർക്ക് കൃത്യമായിട്ടറിയാം.
അതനുസരിച്ചുള്ള സഞ്ചാരവും ജീവിതവുമാണ് ഇവരുടേത്. മിക്കവാറും ഇവർ അർധനഗ്നരായിരിക്കും. പാദരക്ഷകൾ ധരിക്കില്ല. അനാവശ്യമായി ഒരു വാക്കുപോലും ഉരിയാടില്ല. ഇതൊക്കെ അതിജീവനത്തിന്റെ വഴികളാണ്. കരിയില ഞെരിയുന്ന ശബ്ദം പോലും ഇവർ കാട്ടിലൂടെ നടക്കുമ്പോൾ കേൾക്കില്ല. ഇവരുടെ കാൽപാദം പോലും അതിനു പരുവപ്പെട്ടിട്ടുണ്ട്.
എത്രപേരുണ്ടെങ്കിലും കൂട്ടംകൂടിനടക്കില്ല. ജാഥപോലെയേ നടന്നുനീങ്ങൂ. കാട്ടിലൂടെ നടക്കുമ്പോഴും വനവിഭവശേഖരണം നടത്തുമ്പോഴും ചില പ്രത്യേക ശബ്ദങ്ങളിലൂടെയാണ് ആശയവിനിമയം. ഗന്ധംകൊണ്ടും ശബ്ദംകൊണ്ടും പരിസരവീക്ഷണത്തിലൂടെയുമാണ് വന്യമൃഗങ്ങളുടെ സാമീപ്യം തിരിച്ചറിയുന്നത്. അപൂർവമായി വന്യമൃഗങ്ങളുമായി മുഖത്തോടുമുഖം വന്നാൽ രക്ഷപ്പെടാൻ പല മാർഗങ്ങളുണ്ട്.
അധികവും പരിക്കേൽക്കാതെ രക്ഷപ്പെടാറാണ് പതിവ്. ആനയെ കണ്ടാൽ വേഗത്തിൽ മാറാറാണ് പതിവെന്ന് പൂച്ചപ്പാറ കരിയൻ പറഞ്ഞു. ചിലർ മരത്തിൽ കയറിയും രക്ഷപ്പെടും.