ബംഗളൂരു> കോഴിക്കോട് വെള്ളിമാടുകുന്ന് ചില്ഡ്രന്സ് ഹോമില് നിന്ന് കാണാതായ പെണ്കുട്ടികളില് ഒരാളെ കൂടി ബെംഗളരൂവില്‍ നിന്ന് കണ്ടെത്തി. കർണാടകയിലെ മാണ്ഡ്യയിൽ വെച്ചാണ് കണ്ടെത്തിയത്. നാട്ടിലേക്ക് മടങ്ങാനുള്ള ശ്രമത്തിനിടെയാണ് പെണ്കുട്ടിയെ കണ്ടെത്തിയത്. കോഴിക്കോട്ടേക്കുള്ള ബസിൽ കയറിയ പെൺകുട്ടി കണ്ടക്ടര്ക്ക് നൽകിയ ഫോൺനമ്പറാണ് കണ്ടെത്താൻ സഹായമായത്. ബസിലെ കണ്ടക്ടർ ആ നമ്പറിൽ വിളിച്ചപ്പോൾ ഫോൺ എടുത്തത് കുട്ടിയുടെ അമ്മയായിരുന്നു. തുടർന്ന് വിവരം പൊലീസിൽ അറിയിച്ചു. ഒപ്പമുണ്ടായിരുന്ന മറ്റുള്ളവർ ഗോവക്ക് പോയിട്ടുണ്ടാകുമെന്നാണ് പെൺകുട്ടി പറയുന്നത്.
ആറുപെണ്കുട്ടികളാണ് കാണാതായത്. ഒരാളെ ഇന്നലെ കണ്ടെത്തിയിരുന്നു. ഇനി നാലുപേരെയാണ് കണ്ടെത്താനുള്ളത്. കസ്റ്റഡിയിലുള്ള പെണ്കുട്ടികളില് നിന്ന് പൊലീസ് മൊഴിയെടുക്കും. ബുധനാഴ്ച്ച വൈകിട്ടായിരുന്നു വെളളിമാടുകുന്നിലെ ബാലികാ മന്ദിരത്തില് നിന്ന് ആറ് പെണ്കുട്ടികളെ കാണാതായത്.
റിപ്പബ്ളിക് ദിനാഘോഷത്തിന് ശേഷമാണ് കുട്ടികളെ കാണാതായത്. അടുക്കള വഴി പുറത്തേക്ക് ഏണിവച്ച് കയറി ഇവര് രക്ഷപ്പെട്ടെന്നാണ് സൂചന. പേരും 15 നും 18നും ഇടയില് പ്രായമുളള ഇവർ കോഴിക്കോട് ജില്ലക്കാരാണ്. വിവിധ കേസുകളുടെ ഭാഗമായി താല്ക്കാലികമായി ചിൽഡ്രൻസ്ഹോമിൽ താമസിപ്പിച്ചിരുന്നതാണ്.