തിരുവനന്തപുരം
സംസ്ഥാനത്ത് റേഷൻ കൈപ്പറ്റിയവരുടെ എണ്ണത്തിൽ റെക്കോഡ് വർധന. വ്യാഴാഴ്ച 7.26 ലക്ഷം കാർഡുടമകൾ റേഷൻ വിഹിതം കൈപ്പറ്റി. 13,671 റേഷൻ കട തുറന്ന് പ്രവർത്തിച്ചു. റേഷൻ കൈപ്പറ്റിയവരുടെ എണ്ണത്തിൽ ഇത് സമീപകാല റെക്കോഡാണ്. സംസ്ഥാനത്ത് റേഷൻ വിതരണം വീണ്ടും താളം തെറ്റിയെന്നതരത്തിൽ ചില മാധ്യമങ്ങളിൽവന്ന വാർത്തകൾ തെറ്റാണെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ പറഞ്ഞു. റേഷൻ കൈപ്പറ്റിയവരുടെ എണ്ണത്തിലെ റെക്കോഡ് വർധന മറച്ചുവച്ചാണ് സെർവർ തകരാർമൂലം റേഷൻ വിതരണം താളം തെറ്റി എന്നതരത്തിൽ വാർത്ത പ്രചരിപ്പിച്ചത്. ഏതാനും ചില റേഷൻ കടകളിൽ നെറ്റ്വർക്ക് സംബന്ധമായ തടസ്സംകൊണ്ട് റേഷൻ വിതരണത്തിൽ വേഗതക്കുറവുണ്ടായ ഒറ്റപ്പെട്ട സംഭവങ്ങളെയാണ് പർവതീകരിച്ച് കാണിച്ചതെന്നും മന്ത്രി പറഞ്ഞു.
റേഷൻ വിതരണവുമായി ബന്ധപ്പെട്ട് 13 മുതൽ നടപ്പാക്കിയ സമയക്രമീകരണം പൂർണമായി പിൻവലിച്ച് വ്യാഴംമുതൽ റേഷൻ കടകൾ പഴയക്രമത്തിലേക്ക് മാറി. സംസ്ഥാനത്ത് ഒരു ദിവസം റേഷൻ വിഹിതം കൈപ്പറ്റുന്ന കാർഡ് ഉടമകളുടെ ശരാശരി എണ്ണം 3.5 ലക്ഷത്തിനും നാല് ലക്ഷത്തിനും ഇടയിലാണ്.
റേഷൻ വിതരണത്തിൽ പ്രശ്നങ്ങളുണ്ടെന്ന് വരുത്തിത്തീർക്കാൻ ചിലർ ശ്രമിക്കുന്നത് സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ബോധപൂർവം പ്രശ്നങ്ങൾ സൃഷ്ടിക്കാൻ റേഷൻ വ്യാപാരികൾ ശ്രമിച്ചാൽ കർശന നടപടിയുണ്ടാകും. റേഷൻ വിതരണത്തിനുള്ള സാങ്കേതിക സംവിധാനങ്ങൾ പൂർണതോതിൽ പ്രവർത്തിച്ചു വരുന്നതായി നാഷണൽ ഇൻഫർമാറ്റിക് സെന്ററും (എൻഐസി) സ്റ്റേറ്റ് ഐടി മിഷനും പരിശോധന നടത്തി ഉറപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.