തിരുവനന്തപുരം
എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മുൻ നിശ്ചയിച്ചപ്രകാരം നടത്തുമെന്നും പാഠഭാഗങ്ങൾ മുഴുവൻ പഠിപ്പിച്ചെന്ന് ഉറപ്പാക്കുമെന്നും പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ക്ലാസുകൾ കൂടുതൽ ലഭ്യമാക്കാനായി പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷകൾ തിയറിക്കു ശേഷമാക്കാൻ തീരുമാനിച്ചു. മാർച്ച് 30 മുതൽ ഏപ്രിൽ 22 വരെയുള്ള പ്ലസ് ടു പരീക്ഷ അവസാനിച്ചശേഷമാകും പ്രാക്ടിക്കൽ. പ്ലസ് വൺ സേ/ ഇംപ്രൂവ്മെന്റ് പരീക്ഷകൾ 31 മുതൽ ഫെബ്രുവരി നാലു വരെ നടത്തും. കോവിഡ് ബാധിച്ചവർക്ക് പ്രത്യേക പരീക്ഷാഹാളൊരുക്കും.
ഓൺലൈൻ ക്ലാസുകളിലെ ഹാജർ അധ്യാപകർ രേഖപ്പെടുത്തണം. അധ്യാപകരും അനധ്യാപകരും എല്ലാ ദിവസവും സ്കൂളിലെത്തണം. സർവീസ് ചട്ടങ്ങൾ ലംഘിച്ച് സമൂഹമാധ്യമങ്ങളിലൂടെ അധ്യാപകർ അഭിപ്രായപ്രകടനങ്ങൾ നടത്തിയാൽ നടപടിയെടുക്കും. 10, 12 ക്ലാസുകളിലേക്കുള്ള വാർഷിക പരീക്ഷയ്ക്ക് ആശങ്കപ്പെടേണ്ട. സ്കൂൾതലത്തിൽ തദ്ദേശസ്ഥാപനങ്ങളെ ഉൾപ്പെടുത്തി യോഗങ്ങൾ നടത്തണം. ഫോക്കസ് ഏരിയയിൽനിന്നും പുറത്തുനിന്നും ചോദ്യങ്ങളെന്ന തീരുമാനത്തിൽ മാറ്റമില്ല.
8 മുതൽ 12 വരെ ഓൺലൈൻ ക്ലാസ്
ഒന്നുമുതൽ 12വരെ ക്ലാസുകൾക്ക് വിക്ടേഴ്സ് ചാനൽ വഴി ഡിജിറ്റൽ ക്ലാസ് സംവിധാനം ശക്തമാക്കും. 10, 11, 12 ക്ലാസുകളിലേക്കുള്ള പാഠഭാഗങ്ങൾ പരീക്ഷയ്ക്ക് മുമ്പ് നിർബന്ധമായും പൂർത്തിയാക്കണമെന്നും ഉന്നതതല യോഗത്തിൽ മന്ത്രി നിർദേശിച്ചു.
80 ശതമാനം വിദ്യാർഥികളും വാക്സിനെടുത്തു
ഹൈസ്കൂളിൽ 80 ശതമാനം കുട്ടികൾക്കും ഹയർ സെക്കൻഡറിയിൽ 60.99 ശതമാനം പേർക്കും വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ 66.24 ശതമാനം കുട്ടികൾക്കും വാക്സിൻ നൽകി. കോവിഡ് സാഹചര്യത്തിൽ ഫയൽ തീർപ്പാക്കൽ പദ്ധതി ഉപേക്ഷിക്കില്ലെന്നും മന്ത്രി പറഞ്ഞു.