പനജി
മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന പ്രതാപ്സിംഹ റാണെ ഗോവ നിയമസഭാ തെരഞ്ഞെടുപ്പിൽനിന്ന് പിന്മാറി. മകനും ഗോവ ബിജെപി മന്ത്രിയുമായ വിശ്വജീത് റാണെയുടെ ഭാര്യ ദേവിയ വിശ്വജീത് റാണെയാണ് ഇവിടെ എതിർസ്ഥാനാർഥി. ഇവിടെ നിന്നും 11 തവണ എംഎൽഎയായ പ്രതാപ്സിംഹ റാണെ അനാരോഗ്യം മൂലം പിന്മാറുന്നുവെന്നാണ് പ്രതികരിച്ചത്. കോൺഗ്രസിൽ നേതാവായിരുന്ന റാണെ ജൂനിയർ 2017ലെ പൊതുതെരഞ്ഞെടുപ്പിന് ശേഷമാണ് ബിജെപിയിലെത്തിയത്.
പരീക്കറിന്റെ മകന്
സ്വതന്ത്രനായി പത്രിക നൽകി
ഗോവയിൽ മുൻമുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായിരുന്ന മനോഹർ പരീക്കറുടെ മകൻ ഉത്പൽ പരീക്കർ പനാജിയിൽ സ്വതന്ത്ര സ്ഥാനാർഥിയായി നാമനിർദേശ പത്രിക നൽകി. 24 വർഷം പരീക്കർ പ്രതിനിധാനം ചെയ്ത പനാജി സീറ്റ് ഉത്പലിന് ബിജെപി നിഷേധിക്കുകയായിരുന്നു. കോൺഗ്രസ് വിട്ടുവന്ന അന്റനാസിയോ മൊൺസെരാട്ടെയ്ക്കാണ് ബിജെപി സീറ്റ് നല്‍കിയത്. അന്റനാസിയോയുടെ ഭാര്യ ജെന്നിഫറും ബിജെപി സ്ഥാനാര്‍ത്ഥിയാണ്.സീറ്റ് നിഷേധിക്കപ്പെട്ട ബിജെപിയുടെ മറ്റൊരു മുതിർന്ന നേതാവ് ലക്ഷ്മികാന്ത് പർസേക്കറും സ്വതന്ത്രനായി നാമനിർദേശപത്രിക നൽകി.