ന്യൂഡൽഹി
കർഷകരോഷത്താല്‍ അപകടം മണക്കുന്ന പടിഞ്ഞാറൻ യുപിയിൽ പ്രബല ജാതിവിഭാഗമായ ജാട്ടുകളെ കൈയിലെടുക്കാൻ ബിജെപി നീക്കം. ഹരിയാന, യുപി ജാട്ട് വിഭാഗം നേതാക്കളുമായി ആഭ്യന്തരമന്ത്രി അമിത് ഷാ ബുധനാഴ്ച കൂടിക്കാഴ്ച നടത്തി. വർഗീയ ധ്രുവീകരണത്തിനാണ് കൂടിക്കാഴ്ചയില്‍ അമിത് ഷാ ശ്രമിച്ചത്. അമ്പതുവർഷംമാത്രം പഴക്കമുള്ള പാർടി എങ്ങനെ 650 വർഷമായുള്ള ജാട്ട് വിഭാഗവുമൊത്ത് പൊരുതിയതെന്ന് ഒരിക്കൽ ചോദ്യമുയർന്നു. നിങ്ങൾ മുഗളർക്കെതിരെ പൊരുതിയവരാണ്. ഞങ്ങളും അവർക്കെതിരെയാണ് പൊരുതുന്നത്. നിങ്ങൾ ചെയ്തിരുന്നത് ഞങ്ങളിപ്പോൾ ചെയ്യുന്നു– ഷാ പറഞ്ഞു.
ആർഎൽഡി നേതാവ് ജയന്ത് ചൗധുരി തെറ്റായ വഴിയിലാണ്. എന്നാൽ, ബിജെപിയുടെ വാതിൽ എപ്പോഴും ജയന്ത് ചൗധുരിക്കായി തുറന്ന നിലയിലായിരിക്കുമെന്നും അമിത്- ഷാ പറഞ്ഞു. ബിജെപി സർക്കാർ ഇല്ലാതാക്കിയ 700 കർഷക കുടുംബങ്ങളുടെ വാതിലുകളാണ് തുറക്കേണ്ടതെന്ന് ജയന്ത് ചൗധുരി തിരിച്ചടിച്ചു. കർഷക സമരത്തിനിടെ മരിച്ച 700 കർഷകരെയാണ് ചൗധുരി പരാമർശിച്ചത്. ജാട്ട് വിഭാഗത്തിനിടയിൽ കടുത്ത എതിർപ്പാണ് ബിജെപി ഇക്കുറി നേരിടുന്നത്. കർഷക നേതാവ് രാകേഷ് ടിക്കായത്തും പരസ്യമായിത്തന്നെ ബിജെപി വിരുദ്ധ നിലപാടിലാണ്.
ഡൽഹി മുൻ മുഖ്യമന്ത്രി സാഹിബ് സിങ് വർമയുടെ മകനും ലോക്സഭാംഗവുമായ പർവേഷ് വർമയുടെ വസതിയിലാണ് യോഗം ചേർന്നത്. ജാട്ടുകൾ ധരിക്കാറുള്ള പ്രത്യേകതലക്കെട്ടായ പഗഡി ധരിച്ചാണ് ഷാ യോഗത്തിനെത്തിയത്.